സംസ്ഥാന സര്‍ക്കാരിന്റെ പ്രതിബദ്ധത ഭരണഘടനയോട്; അല്ലാതെ ആര്‍എസ്എസിനെ പോലുള്ളവര്‍ സൃഷ്ടിക്കുന്ന അജണ്ടകളോടല്ല;ഭരണഘടനയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സ്വാതന്ത്ര്യ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും സാമൂഹ്യ നീതിക്കായുള്ള കാഴ്ചപ്പാടുകളെയും സ്വീകരിച്ചുകൊണ്ട് നിര്‍മിച്ച ഭരണഘടനയെ തകര്‍ക്കാന്‍ ഒരുശക്തിയെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലിനെതിരായ സംയുക്ത സത്യാഗ്രഹം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വൈദേശിക ശക്തികള്‍ക്കെതിരായി കൈ മൈയ് മറന്ന് പോരാടിയ നാടാണിത്. കുഞ്ഞാലിമരയ്ക്കാറും പഴശി രാജാവും പൊരുതിയ ചരിത്രം കേരളത്തിന് അവകാശപ്പെട്ടതാണ്. ഈ കേരളത്തില്‍ ന്യൂനപക്ഷ വിഭാഗത്തെ പൗരന്‍മാരായി കണക്കാക്കാന്‍ പറ്റില്ലെന്ന് ആര് പറഞ്ഞാലും അത് നടപ്പാക്കാന്‍ സൗകര്യപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യമാണ് ഏതൊരു മനുഷ്യനും വിലമതിക്കുന്നത്. രാജ്യത്തിന്റെ സ്വാതന്ത്ര്യവും പരമാധികാരവും നേടിയെടുക്കാന്‍ രാജ്യത്ത് ദീര്‍ഘകാല സമരമാണ് നടന്നത്. സ്വാതന്ത്ര്യത്തിനായി നിരവധി ജീവത്യാഗങ്ങളുണ്ടായി. അത്തരത്തിലുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇവരുടെ നടപടി. രാജ്യത്തെങ്ങും സ്‌ഫോടനാത്മകമായ അന്തരീക്ഷമാണ്.

ദീര്‍ഘകാല പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ ഭാഗമായി ഉജ്വലമായ പ്രഖ്യാപനം രാജ്യത്തിന്റെ ഭാഗമായുണ്ടായി. ഏതെങ്കിലുമൊരു മതാധിഷ്ഠിത രാജ്യമായിരിക്കില്ല ഇന്ത്യ. മത നിരപേക്ഷ രാജ്യമാകും. എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഒരുമതത്തിലും വിശ്വസിക്കാത്തവര്‍ക്കും ജീവിക്കാനുള്ള ഇടമാണ് മതനിരപേക്ഷ ഇന്ത്യ. അത്തരമൊരു രാജ്യത്താണ് ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് ലോക്സഭയും 11ന് രാജ്യസഭയും പൗരത്വനിയമം പാസാക്കിയത്.

ഇതിനെതിരെയാണ് രാജ്യത്താകമാനം പ്രതിഷേധത്തിന്റ അലമാലകള്‍ ശക്തമായി ഉയരുന്നത്. ഇതിന്റെ ഭാഗമായാണ് കേരളം ഒറ്റക്കെട്ടായി അണിനിരക്കുന്നതെന്ന സന്ദേശം ലോകത്തിന് നല്‍കുന്നത്. ഇത്തരം ഘട്ടങ്ങളില്‍ നമ്മള്‍ എല്ലായിപ്പോഴും ഒന്നിച്ചുനിന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന, ഈ മണ്ണിനെ പോറ്റിവളര്‍ത്തുന്ന പ്രവാസികളായ മലയാളികളോട് സുരക്ഷയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന നിലപാടാണ് കേരളത്തിന്റേത് എന്ന പ്രഖ്യാപനം കൂടിയാണ് ഈ കൂട്ടായ്മ. ഭരണഘടന ഉറപ്പ്നല്‍കുന്ന മതനിരപേക്ഷതയുടെ പിന്നിലാണ് നാം എന്നാണ് എല്ലാവരും കൂടി ഒറ്റജനതയായി പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂറ്റാണ്ടുകളിലൂടെ വികസിച്ച് വന്നവരാണ് നാം. ചരിത്രത്തിന്റെ വികാസത്തിന്റെ ഭാഗമായാണ് രാഷ്ട്രം എന്ന സങ്കല്‍പ്പമുണ്ടാകുന്നത്. മതങ്ങളുടെയും ഭാഷകളുടെയും വ്യത്യസ്ത ജാതികളുടെ വൈവിധ്യങ്ങള്‍ക്കിടെയും തങ്ങള്‍ക്ക് പൊതുവായ സാംസ്‌കാരിക സവിശേഷതകള്‍ ഉണ്ടെന്ന തിരിച്ചറിവില്‍ നിന്നാണ് ആധുനിക ഇന്ത്യ രൂപം കൊള്ളുന്നത്. അത് സൃഷ്ടിച്ചത് നാം ഒന്നാണെന്ന ബോധമുള്ള ജനങ്ങളാണ്. എത്രയോ ജനങ്ങള്‍ ഈ ധാരയില്‍ അണിനിരന്നിരിക്കുന്നു.

സംസ്‌കാരങ്ങളുടെ സംഗമഭൂമിയാണ് നമ്മുടെത്. റോമാക്കാര്‍, ഗ്രീക്കുകാര്‍, ചീനക്കാര്‍ ആര്യന്‍മാര്‍ തുര്‍ക്കികള്‍ മുകളന്മാര്‍ എന്നിങ്ങനെ എത്രയെത്ര ധാരകളെ അകമേവ പേറിയാണ് നാം വളര്‍ന്നതെന്ന് ആലോചിക്കണം.

ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുകയും ചൂഷണം നടത്തുകയും ചെയ്തപ്പോള്‍ അതിനെതിരായ പ്രതിരോധ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം വ്യത്യസ്ത ആശയധാരകളുടെ മഹാപ്രവാഹമായിരുന്നു.

കാഴ്ചപ്പാടുകള്‍ പലതായിരുന്നെങ്കിലും രാജ്യത്തിന്റെ മോചനമായിരുന്നു സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെല്ലാം സ്വപ്നം കണ്ടത്. ഈ ജനകീയ മുന്നേറ്റത്തെ വര്‍ഗീയമായും വംശീയമായും തരംതിരിക്കാന്‍ ബ്രിട്ടീഷുകാരുടെ നേതൃത്വത്തില്‍ ശ്രമം നടന്നു.

ഭിന്നിപ്പിക്കുക വഴി സ്വാതന്ത്ര്യ സമരത്തെ ദുര്‍ബലപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്. എന്നാല്‍ നമ്മള്‍ അതിനെ അതിജീവിച്ചു. അങ്ങനെയാണ് ആധുനിക ഇന്ത്യയെ മതനിരപേക്ഷമായ ഒന്നായി നമുക്ക് സൃഷ്ടിക്കാനായത്.

നമ്മുടെ ഭരണഘടന എങ്ങനെയാണ് രൂപപ്പെട്ടതെന്ന് നമുക്ക് ബോധമുണ്ടാകണം. ഇക്കാലത്ത് അതിന് ഏറെ പ്രസക്തിയുണ്ട്. സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ഉയര്‍ന്നുവന്ന ജനാധിപത്യ മൂല്യങ്ങളെയും സോഷ്യലിസ്റ്റ് ആശയങ്ങളെയും സാമൂഹ്യ നീതിക്കായുള്ള കാഴ്ചപ്പാടുകളെയും സ്വീകരിച്ചുകൊണ്ടാണ് ഭരണഘടന രൂപീകരിച്ചത്. അതിനെ തകര്‍ക്കാന്‍ അനുവധിക്കില്ല.

മതാധിഷ്ഠിത രാഷ്ട്രമാകാന്‍ അനുവധിക്കില്ലെന്ന സ്വാതന്ത്ര്യപ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടാണ് നമ്മുടെ യോജിപ്പിന്റെ അടിത്തറ. ഭാഷ,മതം,ലിംഗം,സംസ്‌കാരം പ്രദേശം എന്നിങ്ങനെയുള്ള വിവേചനങ്ങളെ അത് എതിര്‍ക്കുന്നു.

പാര്‍ലിമെന്ററി ജനാധിപത്യത്തെ മാറ്റി പ്രസിഡന്‍ഷ്യല്‍ ഭരണരീതിക്കായി ശ്രമിക്കുന്നത് നാനാത്വത്തില്‍ ഏകത്വം എന്ന സങ്കല്‍പ്പത്തിനെ അട്ടിമറിക്കാനുള്ളതാണ്. ഭരണഘടനയെ സംരക്ഷിക്കുക എന്ന കാഴ്ചപ്പാടാണ് മനുഷ്യസ്നേഹികളെ കൂട്ടിയോചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News