
ദില്ലി: വടക്കുകിഴക്കന്‍ ദില്ലിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവര്‍ക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് സംഘപരിവാര്‍.
സംഘപരിവാര്‍ അക്രമികള്‍ കടകള്‍ കത്തിക്കുന്നതും പെട്രോള്‍ ബോംബുകള്‍ എറിയുന്നതും ജയ് ശ്രീറാം വിളികളോടെയാണ്. ഇന്നലെയും ഇന്നുമായി നടന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം ഏഴായി. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്ക് നേരെയും ആക്രമങ്ങള്‍ നടന്നു.
പത്തിടങ്ങളില്‍ നിരോധനാജ്ഞ തുടരുകയാണ്. കലാപ സാധ്യത കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. പരീക്ഷകളും മാറ്റിവച്ചു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. പേര് ചോദിച്ചാണ് മര്‍ദ്ദനം നടക്കുന്നതെന്നും, പൊലീസ് ആക്രമണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നതായും ആക്രമണങ്ങളില്‍ പരുക്കേറ്റവര്‍ പറഞ്ഞു.
പ്രതിഷേധക്കാരിലെ മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചാണ് സംഘപരിവാര്‍ ഗുണ്ടകള്‍ ആക്രമിക്കുന്നതെന്ന് ദ സ്‌ക്രോള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘപരിവാര്‍ ഗുണ്ടകള്‍ പ്രതിഷേധക്കാര്‍ക്ക് നേരെ കല്ലേറ് നടത്തുകയും പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു. പൊലീസിന്റെ അറിവോടെ, ബാരിക്കേഡുകള്‍ ചാടിക്കടന്നാണ് ഇവര്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജഫ്രബാദില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ അനിശ്ചിതകാല റോഡ് ഉപരോധത്തെ എതിര്‍ത്ത് ബിജെപി നേതാവ് കപില്‍മിശ്ര രംഗത്തുവന്നതോടെയാണ് അക്രമം തുടങ്ങിയത്.
ഞായറാഴ്ച വൈകിട്ട് ജഫ്രബാദിനു സമീപം കപില്‍ മിശ്ര സിഎഎ അനുകൂല പരിപാടി സംഘടിപ്പിച്ചിരുന്നു. റോഡ് ഉപരോധിക്കുന്നവരെ മൂന്നു ദിവസത്തിനുള്ളില്‍ പൊലീസ് ഒഴിപ്പിച്ചില്ലെങ്കില്‍ തെരുവിലിറങ്ങുമെന്നും ആര്‍ക്കും തടയാനാകില്ലെന്നും പ്രഖ്യാപിച്ചു. ഇതാണ് സംഘപരിവാറുകാര്‍ പ്രതിഷേധക്കാരെ ആക്രമിക്കുന്നതിന് വഴിവെച്ചത്.
ആക്രമണത്തിന് ആഹ്വാനം ചെയ്‌തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയ്‌ക്കെതിരെ ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.
മാര്‍ച്ച് 24 വരെ നിരോധനാജ്ഞ
സംഘര്‍ഷം ഒഴിവാക്കാന്‍ വടക്കന്‍ ദില്ലിയില്‍ മാര്‍ച്ച് 24 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമത്തിനിടെ ഇന്ന് രണ്ട് പേര്‍ക്ക് കൂടി വെടിയേറ്റു. ഇവരെ ഗുരുതേജ് ബഹാദൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, ദില്ലിയിലെ കലാപസമാനമായ അന്തരീക്ഷത്തെക്കുറിച്ചുള്ള ഹര്‍ജി നാളെ സുപ്രീംകോടതി പരിഗണിക്കും. സുപ്രീംകോടതി ഷഹീന്‍ബാഗ് സമരക്കാരുമായി ചര്‍ച്ച നടത്താന്‍ നിയോഗിച്ച മധ്യസ്ഥ സംഘത്തെ സഹായിക്കുന്ന മുന്‍ വിവരാവകാശ കമ്മീഷണര്‍ വജാഹത്ത് ഹബീബുള്ളയാണ് ഹര്‍ജി നല്‍കിയത്. ഇത് നാളത്തെ കേസുകളില്‍ പെടുത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.
കേന്ദ്രഅഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗം അവസാനിച്ചു. യോഗത്തില്‍ രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here