തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ സ്വകാര്യ ബസിന്റെ അനധികൃത സര്‍വീസ് തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ കര്‍ശനമായ നടപടി സ്വീകരിക്കാന്‍ ഗതാഗത മന്ത്രിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം. മണിക്കൂറുകളോളം റോഡ് തടസപ്പെടുത്തിയത് ഗൗരവമായിക്കാണമെന്നും മുഖ്യമന്ത്രി.
സംഭവം വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. മന്ത്രിയുടെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ അന്വേഷണം ആരംഭിച്ചു.
കലക്ടറുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടിയുണ്ടാവുമെന്നും ഗതാഗത മന്ത്രി. കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ കെഎസ്ആര്‍ടി മേധാവികളുമായി ചര്‍ച്ച നടത്തി. മിന്നല്‍ പണിമുടക്ക് നടത്തരുതെന്ന് നിര്‍ദേശം നല്‍കി. സംഭവത്തില്‍ മനുഷ്യാവകാശ കമീഷനും ഇടപെട്ടു.
സിറ്റി പൊലീസ് കമീഷണറുടെ മുന്‍ കൈയില്‍ ഫോര്‍ട്ട് അസിസ്റ്റന്‍ഡ് കമീഷണറുടെ ഓഫീസില്‍ നടത്തിയ ചര്‍ച്ചയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരെ ജാമ്യത്തില്‍ വിടാന്‍ ധാരണയായി. ഇതോടെ ജീവനക്കാര്‍ സമരം പിന്‍വലിച്ചു. വൈകിട്ടോടെ ഗതാഗതം പുനസ്ഥാപിച്ചു.
ബസ് കിട്ടാതെ വലഞ്ഞ യാത്രക്കാരിലൊരാള്‍ കുഴഞ്ഞുവീണ് മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (60) ആണ് ബുധനാഴ്ച പകല്‍ മൂന്നോടെ കിഴക്കേകോട്ട ബസ്റ്റാന്‍ഡില്‍ കുഴഞ്ഞുവീണത്. ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
ബുധനാഴ്ച രാവിലെ 9.45 ഓടെയാണ് കിഴക്കേകോട്ട ബസ്റ്റാന്‍ഡിലാണ് പ്രശ്നങ്ങളുടെ തുടക്കം. ആറ്റുകാല്‍ ഉത്സവത്തിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസുകള്‍ ചെയിന്‍ സര്‍വീസിന് കിഴക്കേകോട്ട ഗാന്ധിപാര്‍ക്കിന് സമീപത്തെ സ്റ്റാന്‍ഡിലും സ്റ്റോപ്പിലുമായി നിരത്തിയിട്ടിയിരിക്കുകയായിരുന്നു.
യാത്രക്കാര്‍ നിറയുന്നതിനനുസരിച്ചാണ് ഓരോ ബസും ക്ഷേത്രത്തിലേക്ക് പുറപ്പെടുന്നത്. ഇതിനിടെ സമയം തെറ്റിച്ച് കുളങ്ങര ട്രാവല്‍സ് എന്ന പേരസ്വകാര്യ ബസ് എത്തി. ഇതിനെചൊല്ലി കെഎസ്ആര്‍ടിസി ജീവനക്കാരും സ്വകാര്യബസ് ജീവനക്കാരും തമ്മില്‍ തര്‍ക്കം തുടങ്ങി.
വിവരമറിഞ്ഞ് കെഎസ്ആര്‍ടിസി സിറ്റി ഡിപ്പോയിലെ അസിസ്റ്റന്‍ഡ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജേക്കബ് സാം ലോപ്പസ്, ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. തര്‍ക്കം രൂക്ഷമായി. അപ്പോള്‍ എത്തിയ പൊലീസ് മൊബൈല്‍ പെട്രോള്‍ സംഘം പ്രശ്നത്തില്‍ ഇടപെട്ടു.
സ്വകാര്യബസ് തടഞ്ഞതിനെ പൊലീസും ചോദ്യം ചെയ്തു. പിന്നെ തര്‍ക്കം പൊലീസും ഉദ്യോഗസ്ഥരും തമ്മിലായി. വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തി.
പൊലീസുകാരനെ ഉദ്യോഗസ്ഥര്‍ പിടിച്ചു തള്ളിയെന്നായി. ഇതറിഞ്ഞ് ഫോര്‍ട്ട് ഇന്‍സ്പെക്ടര്‍ എ കെ ഷെറിയുടെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥരെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ സുരേഷ്‌കുമാറിനെയും ബലംപ്രയോഗിച്ച് അറസ്റ്റു ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. സമയം തെറ്റിച്ചെത്തിയ സ്വകാര്യ ബസിലെ ജീവനക്കാരെ പിടികൂടിയുമില്ല.
അനധികൃസര്‍വീസ് തടയാനെത്തിയ എടിഒയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഫോര്‍ട്ട് സ്റ്റേഷനിലെത്തി.
ഈ സമയം സ്റ്റേഷന്റെ ഗേറ്റ് അടച്ചതിനാല്‍ ജീവനക്കാര്‍ക്ക് സ്റ്റേഷനിലേക്ക് കയറാനായില്ല. കുപതിരായ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഉടന്‍തന്നെ സിറ്റി ഡിപ്പോയും പിന്നാലെ തമ്പാനൂര്‍, നെടുമങ്ങാട് ഡിപ്പോകളിലും മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു.
ഓടിക്കൊണ്ടിരുന്ന സര്‍വീസുകള്‍ നടുറോഡില്‍ അവസാനിപ്പിച്ചതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ പെരുവഴിയിലായി.
ബസുകള്‍ നടുറോഡിലിട്ടതോടെ സ്വകാര്യ വാഹനങ്ങളും കുടുങ്ങി. നാലുമണിക്കൂറിലേറെ നഗരവീഥികള്‍ അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. ആശുപത്രികളിലേക്ക് വന്ന രോഗികള്‍പോലും കത്തുന്നവെയിലില്‍ റോഡില്‍ കുടുങ്ങിയത് ദയനീയ കാഴ്ചയായി.
Get real time update about this post categories directly on your device, subscribe now.