”ഇവര്‍ വര്‍ഗീയ തെണ്ടികള്‍; ഹിന്ദുവിന്റെ അവകാശം സംരക്ഷിക്കാന്‍ ഇവനൊക്കെ ആര്? സംഘപരിവാര്‍ ആയുധമെടുത്തിരിക്കുന്നു; ഇവര്‍ അമ്പലത്തിന്റെ മുന്നില്‍ പള്ളി കണ്ടാല്‍ അസ്വസ്ഥരാകുന്ന സാമൂഹ്യ വിരുദ്ധര്‍”; സംഘപരിവാറിനെതിരെ മലയാള സിനിമാലോകം രംഗത്ത്

തിരുവനന്തപുരം: കാലടിയില്‍ ടോവിനോ ചിത്രം മിന്നല്‍ മുരളിയുടെ സെറ്റ് ബജ്രംഗദള്‍ അക്രമികള്‍ തകര്‍ത്തതിനെതിരെ സിനിമാമേഖലയില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നു.

ബി ഉണ്ണികൃഷ്ണന്റെ പ്രതികരണം:

വാങ്ങിക്കേണ്ട മുഴുവന്‍ അനുമതികളും വാങ്ങിച്ചുകൊണ്ട്, ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച മിന്നല്‍മുരളി എന്ന സിനിമയുടെ സെറ്റാണ് സാമൂഹിക വിരുദ്ധര്‍ തകര്‍ത്തത്.

ലോകം മുഴുവനും, വര്‍ഗ- വര്‍ണ-ജാതി ഭേദമില്ലാതെ മഹാമാരിയെ ചെറുക്കുമ്പോള്‍, ഇത്ര അസഹിഷ്ണുതയോടെ ഒരു സിനിമാ സെറ്റ് പൊളിക്കാനായി തുനിഞ്ഞിറങ്ങിയവരുടെ ഉള്ളിലെ വര്‍ഗീയതയുടെ വൈറസ് എത്ര മാരകമാണ്?. ഇവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ബേസിലിനും, സോഫിയാ പോളിനും, മിന്നല്‍ മുരളി ടീമിനും ഐക്യദാര്‍ഢ്യം.

ആഷിഖ് അബു: സിനിമ സെറ്റ് കണ്ടാല്‍ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയുക തന്നെ വേണം. മലയാള സിനിമ ഒറ്റക്കെട്ടായി ഈ ഭീകരപ്രവര്‍ത്തനത്തെ പ്രതിരോധിക്കും.
മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം.

മധുപാല്‍: ഒരു കൂട്ടം കലാകാരന്മാരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തെയാണ് നശിപ്പിച്ചത്. ഈ കോവിഡ് കാലത്തും അതിനേക്കാള്‍ ഭീകരമായ കീടാണുക്കള്‍ ഈ ഭൂമിയിലുണ്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഈ കൃത്യം. മിന്നല്‍ മുരളി എന്ന ചിത്രത്തിനു വേണ്ടി നിര്‍മിച്ച സെറ്റാണ് ഇല്ലാതാക്കപ്പെട്ടത്. കലാപരമായ പ്രവര്‍ത്തനങ്ങളെ തിരിച്ചറിയാനാവാത്തവര്‍ക്കെതിരെ പ്രതികരിക്കേണ്ടത് ബോധമുള്ള മനുഷ്യരാണ്.

എം. പത്മകുമാര്‍: ‘മിന്നല്‍ മുരളി’ എന്ന സിനിമയുടെ സെറ്റ് തകര്‍ത്ത വര്‍ഗീയ തെണ്ടികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഹിന്ദുവിന്റെ അവകാശം സംരക്ഷിക്കാന്‍ ഇവനെഒന്നും ആരും ഏല്പിച്ചു കൊടുത്തിട്ടില്ല. കക്ഷിഭേദമന്യേ എല്ലാ കലാ സ്‌നേഹികളും ഇതിനെതിരെ പ്രതികരിക്കണം. ഇത്തരം തെമ്മാടിങ്ങളുടെ ആദ്യവും അവസാനവും ഇത് ആയിരിക്കണം.

അരുണ്‍രാജ് മനോഹര്‍: ഒന്നും കെട്ടിപ്പണിഞ്ഞ ചരിത്രമില്ലാത്ത, എല്ലാം തച്ചുടയ്ക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയം ഇപ്പോള്‍ ആയുധമെടുത്തിരിക്കുന്നത് ‘മിന്നല്‍ മുരളി’ എന്ന ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ ഒരുക്കിയ സെറ്റ് തച്ചുടയ്ക്കുന്നതിനാണ്. ഈ വര്‍ഗീയവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം. ‘മിന്നല്‍ മുരളി’ സിനിമ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം

അരുണ്‍ ഗോപി: ഇത്രയേറെ വിഷചിന്തകളുമായി ഈ നാട്ടിലും ആളുകള്‍ ജീവിക്കുന്നു എന്നറിയുന്നത് തന്നെ വേദനയാണ് ചെയ്ത നെറികേടിനു കൂട്ടു പിടിക്കുന്നതോ മഹാദേവനെ.. പുള്ളിക്ക് അമ്പലവും പള്ളിയുമെല്ലാം ഒന്നാണെന്നും, പേരുകള്‍ക്ക് മാത്രമാണ് മാറ്റമെന്നും, ദൈവത്തിനു മാറ്റമില്ലെന്നും ഇവര്‍ക്കാരാ ഒന്ന് പറഞ്ഞുകൊടുക്കുക. ഇതിനെന്തായാലും മഹാദേവന്‍ അനുഗ്രഹിക്കും അത് വിയൂര്‍ ആണോ പൂജപ്പുരയിലാണോ എന്ന് അറിയില്ല എന്തായാലും അനുഗ്രഹം ഉറപ്പു.. ബേസിലിന്റെ സ്വപ്നം ഒരുപാട് പേരുടെ അന്നം സിനിമയ്‌ക്കൊപ്പം നിന്ന നിര്‍മാതാവിന്റെ പണം ഇതിനൊക്കെ ഉത്തരം പറയുക തന്നെ ചെയ്യും

ടൊവീനോ തോമസ്: മിന്നല്‍ മുരളി ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ നടന്നു കൊണ്ടിരുന്നതിനൊപ്പമാണു രണ്ടാം ഷെഡ്യൂളിലെ ക്ലൈമാക്‌സ് ഷൂട്ടിനു വേണ്ടി ആക്ഷന്‍ കോറിയോഗ്രാഫര്‍ വ്‌ലാഡ് റിംബര്‍ഗിന്റെ നിര്‍ദ്ദേശപ്രകാരം ആര്‍ട്ട് ഡയറക്ടര്‍ മനു ജഗദും ടീമും ഉത്തരവാദിത്തപ്പെട്ടവരുടെ അനുമതിയോടെയാണ് സെറ്റ് നിര്‍മാണം ആരംഭിച്ചത്. ലക്ഷക്കണക്കിന് രൂപ മുടക്കി നിര്‍മിച്ച ഈ സെറ്റില്‍ ഷൂട്ടിങ് ആരംഭിക്കുന്നതിനു തൊട്ട് മുന്‍പാണു നമ്മുടെ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും ഞങ്ങളുടേതുള്‍പ്പടെ എല്ലാ സിനിമകളുടെയും ഷൂട്ടിങ് നിര്‍ത്തി വയ്ക്കുന്നതും.

വീണ്ടും ഷൂട്ടിങ് എന്നു ആരംഭിക്കാന്‍ കഴിയുമോ അന്ന് ഷൂട്ട് ചെയ്യുന്നതിന് വേണ്ടി നിലനിര്‍ത്തിയിരുന്ന സെറ്റാണു ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരു കൂട്ടം വര്‍ഗ്ഗീയവാദികള്‍ തകര്‍ത്തത്. അതിനവര്‍ നിരത്തുന്ന കാരണങ്ങളൊന്നും ഈ നിമിഷം വരെ ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായിട്ടുമില്ല.

വടക്കേ ഇന്ത്യയിലൊക്കെ മതഭ്രാന്തിന്റെ പേരില്‍ സിനിമകളും ലൊക്കേഷനുകളുമൊക്കെ ആക്രമിക്കപ്പെടുന്നത് നമുക്ക് ഇതു വരെ കേട്ടു കേള്‍വി മാത്രമായിരുന്നിടത്താണു ഞങ്ങള്‍ക്കീ അനുഭവമുണ്ടായിരിക്കുന്നത്. ഒരുപാട് വിഷമം ഉണ്ട് അതിലേറെ ആശങ്കയും. അതുകൊണ്ടു തന്നെ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ്.

മാലാ പാര്‍വ്വതി: എല്ലാവരും അറിഞ്ഞു കാണുമല്ലോ അല്ലേ? ‘മിന്നല്‍ മുരളി’ എന്ന സിനിമയ്ക്ക് വേണ്ടി നിര്‍മിച്ച പള്ളിയുടെ സെറ്റ്, അമ്പലത്തിന്റെ മുമ്പിലായത് കൊണ്ട്, അത് തല്ലി തകര്‍ക്കപ്പെട്ടു.. കാലടിയിലാണ് സംഭവം.ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന സിനിമയാണ് ‘മിന്നല്‍ മുരളി’.

ആ സിനിമയുടെ ക്ലൈമാക്സ് ഭാഗം ഷൂട്ട് ചെയ്യാന്‍ നിര്‍മിച്ച പള്ളിയാണ് ഇപ്പോള്‍ തകര്‍ക്കപ്പെട്ടത്. ലോക്ഡൗണ്‍ ആയതിനാലാണ് ഷൂട്ടിങ് നടക്കാതിരുന്നത്. ഗവണ്‍മെന്റിന്റെ ഉത്തരവിന് കാത്തിരിക്കുമ്പോഴാണ് ചിലര്‍ ഈ അതിക്രമം കാട്ടിയത്. സിനിമ വ്യവസായം തന്നെ പ്രശ്നത്തിലാണ്. സിനിമാ തിയറ്ററുകള്‍ എന്ന് തുറക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ്.

ഒരു സിനിമ നിര്‍മിക്കുന്നതിന്റെ പിന്നിലെ അധ്വാനം വളരെ വലുതാണ്. പെട്ടിക്കകത്ത് വെറുതെ ഇരിക്കുന്ന കാശ് കൊണ്ടല്ല, സിനിമ നിര്‍മിക്കുന്നത്. സിനിമയോട് ആത്മാര്‍ത്ഥതയുള്ള, നല്ല നിര്‍മാതാക്കള്‍ തന്നെയാണ് മലയാള സിനിമയെ ഈ നിലയില്‍ നിലനിര്‍ത്തുന്നത്. സോഫിയ പോള്‍ നിര്‍മിക്കുന്ന ഈ ചിത്രവും വ്യത്യസ്തമല്ല. രണ്ട് കൊല്ലത്തെ പ്ലാനിങുണ്ട് ഈ ടൊവീനോ ചിത്രത്തിന്.

കലാസംവിധായകരുടെ ഏറെ കാലത്തെ, കഠിനാധ്വാനത്തിന്റെ ഫലമാണ്, തകര്‍ക്കപ്പെട്ട പള്ളിയുടെ സെറ്റ്. മഴയും വെയിലും വക വയ്ക്കാതെ അവര്‍ കെട്ടിപൊക്കിയത്. ആ സിനിമയില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ പേരുടെയും സ്വപ്നം ആ പള്ളിയില്‍ കേന്ദ്രീകരിച്ചിരിക്കുമ്പോഴാണ് ലോക്ഡൗണ്‍ വന്നത്. ക്ലൈമാക്സ് ഷൂട്ട് ചെയ്യേണ്ട ഇടത്തോടൊപ്പം, ഇവരുടെ സ്വപ്നവും തല്ലി പൊട്ടിച്ചിരിക്കുകയാണ് ചില സാമൂഹ്യ വിരുദ്ധര്‍.

അമ്പലത്തിന്റെ മുന്നില്‍ പള്ളി കണ്ടാല്‍ അസ്വസ്ഥരാകുന്ന മനസ്സുളള സാമൂഹ്യ വിരുദ്ധര്‍. ഇവര്‍ ഇത് ചെയ്തിരിക്കുന്നത് മിന്നല്‍ മുരളി എന്ന ചിത്രത്തോടൊ, അവരുടെ അണിയറ പ്രവര്‍ത്തകരോടൊ അല്ല. കേരളത്തോടാണ്. മുസ്ലിം പള്ളിയും, ക്രിസ്ത്യന്‍ പള്ളിയും, അമ്പലവും എല്ലാം കാരുണ്യവാനായ ദൈവത്തിന്റെ ആലയങ്ങളാണെന്ന് ബോധ്യമുള്ള കേരളത്തോട്.നടപടിയുണ്ടാവണം. ഇത് ചെയ്തവരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങി കൊടുപ്പിക്കണം. അവരെ കൊണ്ട് പണിയിച്ച് കൊടുക്കാനും കൂടെ പറയണമെന്നുണ്ട്. പക്ഷേ ഇവര്‍ക്ക് പണിതുണ്ടാക്കാന്‍ അറിയില്ലല്ലോ.. തകര്‍ക്കാനല്ലേ അറിയു ! എന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here