സ്വര്‍ണ്ണക്കടത്ത് കേസ്: ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചു

കൊച്ചി: മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്‍റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി എന്‍ഐഎ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഐഎ നിര്‍ദേശിച്ചിട്ടില്ല. രണ്ട് പകല്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ ശിവശങ്കര്‍ തിരുവനന്തപുരത്തേക്ക് മടങ്ങി.

രണ്ടാം ദിവസം പത്തര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് എം ശിവശങ്കറിനെ എന്‍ഐഎ വിട്ടയച്ചത്. രാവിലെ പത്ത് മണിക്ക് ഹാജരായ ശിവശങ്കര്‍ എന്‍ഐഎ ആസ്ഥാനത്ത് നിന്നും ഇറങ്ങിയത് രാത്രി 8.30ന്. പിന്നീട് സ്വന്തം കാറില്‍ അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി.

ആദ്യദിനം ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം കൊച്ചിയില്‍ തുടരാനും ചൊവ്വാ‍ഴ്ച വീണ്ടും ഹാജരാകാനും ആവശ്യപ്പെടുകയായിരുന്നു. എന്‍ഐഎയുടെ ദക്ഷിണമേധാവി കെ ബി വന്ദനയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രണ്ട് ദിവസങ്ങളിലായി പത്തൊമ്പതര മണിക്കൂറാണ് ചോദ്യം ചെയ്യലിന് വിധേയമായത്.

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ശിവശങ്കറിലേക്ക് എത്തുന്ന തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലും ലഭിച്ചിട്ടില്ലെന്നാണ് വിവരം. പ്രതികളായ സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവരെ അറിയാമെന്നും എന്നാല്‍ സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്നുമുളള മൊ‍ഴിയില്‍ അദ്ദേഹം ഉറച്ചുനിന്നു. ഇതോടെ കേസില്‍ എന്‍ഐഎ വകുപ്പുകള്‍ ചുമത്താനുളള മൊ‍ഴികളോ തെളിവുകളോ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടില്ല.

വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനുളള നിര്‍ദേശങ്ങളോ ഉപാധികളോ നല്‍കാതെയാണ് വിട്ടയച്ചരിക്കുന്നത്. എങ്കിലും സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം ലഭിക്കുന്ന മുറയ്ക്ക് വേണ്ടി വന്നാല്‍ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തേക്കും. ശിവശങ്കറിനെ മണിക്കൂറുകള്‍ ചോദ്യം ചെയ്തതില്‍ അസ്വഭാവികതയില്ലെന്നും എന്‍ഐഎ നടപടികളില്‍ നിയമപരമായി തെറ്റില്ലെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകനും വ്യക്തമാക്കി.

കേസന്വേഷണവുമായി അദ്ദേഹം പൂര്‍ണമായും സഹകരിക്കുമെന്നും ദീര്‍ഘമായ നടപടികള്‍ സ്വാഭാവികമാണെന്നുമായിരുന്നു അഭിഭാഷകന്‍റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News