30 ദിവസം, പത്തു ലക്ഷം പേരില്‍ കൊവിഡ്; രാമക്ഷേത്ര നിര്‍മാണ സ്ഥലത്തും വൈറസ് വ്യാപിക്കുന്നു; പൊലീസുകാര്‍ക്കും പുരോഹിതനും രോഗം സ്ഥിരീകരിച്ചു; രോഗബാധിതന് യോഗി ആദിത്യനാഥുമായി സമ്പര്‍ക്കം

ദില്ലി: 30 ദിവസം കൊണ്ട് പത്തു ലക്ഷം പേരില്‍ പടര്‍ന്നു കൊവിഡ്. ജനുവരി മുതല്‍ ജൂണ്‍ വരെ ആറു ലക്ഷം പേരില്‍ മാത്രം സ്ഥിരീകരിച്ച കോവിഡ് മഹാമാരി ജൂലൈ മാസം പൂര്‍ത്തിയാകുമ്പോള്‍ എത്തി നില്‍ക്കുന്നത് 16,38,871 പേരിലാണ്. ഓരോ 24 മണിക്കൂറിലും രോഗികളാകുന്നവരുടെ എണ്ണം 55,079 ലെത്തിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

16 ലക്ഷം രോഗികളുമായി മൂന്നാം ഘട്ട തുറന്ന് കൊടുക്കലിലേയ്ക്ക് കാലെടുത്തു വയ്ക്കുന്ന രാജ്യത്തിനു ഇനിയുള്ള ദിനങ്ങള്‍ നിര്‍ണായകം. 35, 747 പേര് ഇത് വരെ കോവിഡ് ബാധിച്ചു മരിച്ചു. 779 പേര് വ്യാഴാഴ്ച മാത്രം മരിച്ചു. മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും പ്രതിദിന രോഗികളുടെ എണ്ണം പതിനായിരം കവിഞ്ഞു.

ഉത്തര്‍പ്രദേശില്‍ രോഗ ബാധിതര്‍ ഒരു ലക്ഷത്തിനു അടുക്കുന്നു. ആറു ദിവസത്തിന് ശേഷം ഓഗസ്റ്റ് 5ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന രാമക്ഷേത്ര നിര്‍മാണ സ്ഥലത്തും കോവിഡ് വ്യാപിക്കുന്നു. ചടങ്ങിന് മുന്നോടിയായി നടത്തിയ പരിശോധനയില്‍ ക്ഷേത്ര നിര്‍മാണ ചടങ്ങിലെ മുഖ്യപുരോഹിതന്റെ സഹായിയായ പുരോഹിതന് കോവിഡ് സ്ഥിരീകരിച്ചു. സ്ഥലത്തെ സുരക്ഷാ ചുമതലയുള്ള പതിനാല് പോലീസുകാര്‍ക്കും കോവിഡ് കണ്ടെത്തി.

കഴിഞ്ഞ ആഴ്ച്ച അയോധ്യ സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കോവിഡ് സ്ഥിരീകരിച്ച പുരോഹിതന്‍ നേരിട്ട് സംസാരിച്ചിരുന്നു. എന്നാല്‍ ഓഗസ്റ്റ് 5ലെ ചടങ്ങുകള്‍ തടസമില്ലാതെ നടത്തുമെന്ന് രാമജന്മഭൂമി ട്രസ്റ്റ് അറിയിച്ചു. പ്രധാനമന്ത്രിയടക്കം 250ലേറെ പേരാണ് അയോധ്യയിലെ ക്ഷേത്ര നിര്‍മാണ ചടങ്ങില്‍ പങ്കെടുക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here