ഉത്ര വധക്കേസിൽ ആദ്യ കുറ്റപത്രം തയ്യാറായി; ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം പിന്നാലെ നൽകും

കൊല്ലം അഞ്ചൽ ഏറം വെള്ളാശ്ശേരിൽ ഉത്രയെ ഭർത്താവ്‌ സൂരജ്‌ പാമ്പിനെക്കൊണ്ട്‌ കടിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ ആദ്യ കുറ്റപത്രം തയ്യാറായി. കേസ്‌ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച്‌ സംഘം വ്യാഴാഴ്‌ച പുനലൂർ കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. യുവതിയുടെ ഭർത്താവ്‌ സൂരജ്‌ മാത്രമാണ്‌ ഇതിൽ പ്രതി. ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം പിന്നാലെ നൽകും.

ആദ്യകുറ്റപത്രത്തിൽ സൂരജിന്‌ അണലിയെയും മൂർഖനെയും കൈമാറിയ പാമ്പുപിടിത്തക്കാരൻ ചാവരുകാവ്‌ സുരേഷ്‌ മാപ്പുസാക്ഷിയാകും. ഉത്രയെ മാനസികമായി പീഡിപ്പിച്ചതിന്‌ സൂരജിന്റെ അച്ഛൻ പറക്കോട്‌ കാരേംകോട്‌ ശ്രീസൂര്യയിൽ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക എന്നിവർ പ്രതികളായ ഗാർഹിക പീഡനക്കേസിൽ കുറ്റപത്രം തയ്യാറാകുന്നു. അഞ്ചൽ ഏറം വെള്ളാശ്ശേരിൽ (വിഷു) വിജയസേനന്റെയും മണിമേഖലയുടെയും മകളായ ഉത്രയെ ഭർത്താവ്‌ സൂരജ്‌ മൂർഖനെക്കൊണ്ട്‌ കടിപ്പിച്ചുകൊല്ലുകയായിരുന്നു. മെയ്‌ ഏഴിനു‌ രാവിലെയാണ്‌ ഉത്രയെ ഏറത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്‌.

കിടപ്പുമുറിയിൽനിന്ന്‌ മൂർഖനെയും കണ്ടെത്തിയിരുന്നു. തലേദിവസം രാത്രിയിൽ സൂരജിനൊപ്പം കിടപ്പുമുറിയിലേക്കു‌ പോയ ഉത്രയെ അടുത്തദിവസം മരിച്ചനിലയിലാണ്‌ ബന്ധുക്കൾ കാണുന്നത്‌. അടൂർ പറക്കോട്ടെ സൂരജിന്റെ വീട്ടിൽ‌ മാർച്ച്‌ രണ്ടിനും‌ ഉത്രയെ അണലി കടിച്ചിരുന്നു. ഇതിനു പിന്നിലും സൂരജ്‌ ആയിരുന്നു. സാധാരണ മരണമെന്ന നിലയിലായിരുന്നു ആദ്യം കണ്ടതെങ്കിലും ഉത്രയുടെ അച്ഛനമ്മമാരുടെ പരാതിയിലായിരുന്നു കേസെടുത്തത്‌.

കൊല്ലം റൂറൽ ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി എ അശോകന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ശാസ്‌ത്രീയ തെളിവുകളും വിവിധ പരിശോധനാ റിപ്പോർട്ടും കുറ്റപത്രത്തിനൊപ്പം സമർപ്പിക്കും. അഡ്വ. മോഹൻരാജാണ്‌ കേസിലെ സ്‌പെഷ്യൽ പബ്ലിക്‌ പ്രോസിക്യൂട്ടർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News