ഓറഞ്ചും ആപ്പിളും ശ്രീനിവാസന് നേടിക്കൊടുക്കുന്നത് മാസം 50,000 രൂപ

പത്തനംതിട്ട : പന്തളം കുരമ്പാ വല്ല്യയ്യത്ത് ശ്രീനിവാസന്റെ തോട്ടത്തില്‍ ആപ്പിളും ഓറഞ്ചും വിളഞ്ഞുകിടക്കുന്നത് കണ്ടാല്‍ ആര്‍ക്കും കൊതിവരും. പൊതുവേ തണ്ടുപ്പുള്ള കാലവസ്ഥയില്‍ വളരുന്ന ഓറഞ്ചും ആപ്പിളുമാണ് ശ്രീനിവാസന്‍റെ തോട്ടത്തില്‍ നിറവിളവ് നല്‍കി നില്‍ക്കുന്നത്

ആപ്പിളും ഓറഞ്ചും മാത്രമല്ല അവയുടെ തൈകളും ഇവിടെ വാങ്ങാന്‍ കിട്ടും. മാസം 50,000 രൂപ വരുമാനം ലഭിക്കുന്നു എന്നാതാണ് പ്രധാന പ്രത്യേകത. കൃഷിക്ക് ആവശ്യമായ കൃത്രിമ കുളങ്ങളും ചാലുകളും ഒപ്പം ഒരേക്കര്‍ തോട്ടത്തില്‍ ഓറഞ്ചിനും ആപ്പിളിനും വളരാന്‍ വേണ്ട തണുപ്പും കൃഷിയിടത്തില്‍ സൃഷ്ടിച്ചിട്ടുണ്ട്.

അതിനൊപ്പം നീലത്താമരയും ആമ്പലും സിലോപ്പി മത്സ്യകൃഷിയും ഉണ്ട്.ഇക്കോ ടൂറിസം പൂന്തോട്ട നിര്‍മ്മാണ കരാറുകാരനായ ശ്രീനിവാസന്‍ ഊട്ടിയിലും മൈസൂരിലും മൂന്നാറിലുമെല്ലാം ജോലിക്ക് പോകാറുണ്ട്. അങ്ങനെയാണ് ഓറഞ്ച്, ആപ്പിള്‍ കൃഷിയില്‍ താത്പര്യം ജനിക്കുന്നത്.

അവിടെനിന്നാണ് തൈകള്‍ കൊണ്ടുവന്ന് നട്ടത്. മലേഷ്യന്‍ ചാമ്പ, ചൈനീസ് ഓറഞ്ച് തുടങ്ങിയ വിദേശി ഫലങ്ങളും ഉണ്ട്. സ്വദേശിയും വിദേശിയുമായ ആപ്പിളും റെഡ് പാമും (ചുവപ്പന്‍ പന) വളര്‍ച്ച പ്രാപിച്ച് വരുന്നു.

കേട്ടറിഞ്ഞ് നിരവധി ആളുകള്‍ ആപ്പിളിന്‍റെയും ഓറഞ്ചിന്‍റെയും തൈകള്‍ വാങ്ങാന്‍ എത്തുന്നുണ്ട്.ഓറഞ്ചും ആപ്പിളും വില്‍ക്കുന്നതിനേക്കാള്‍ ലാഭം തൈകള്‍ വില്‍ക്കുന്നതാണെന്ന് ശ്രീനിവാസന്‍ പറയുന്നു. 500 രൂപയാണ് ഒരു തൈയുടെ വില. ജാതിയും ആന്തൂറിയവും ഉള്ളതിനാല്‍ അവയുടെ തൈകള്‍ക്കും ആവശ്യക്കാരുണ്ട്.

നെല്‍കൃഷിയിലായിരുന്നു ശ്രീനിവാസന്‍റെ കൃഷി ജീവത്തിന്‍റെ തുടക്കം.വിളവ് കുറഞ്ഞതോടെ മറ്റ് കൃഷികള്‍ തുടങ്ങി. ഓറഞ്ചും ആപ്പിളും ആരംഭിച്ചിട്ട് അഞ്ച് വര്‍ഷമായി. തുടക്കത്തില്‍ വിളവ് കിട്ടിയിരുന്നില്ല. ഓരോ വര്‍ഷം കഴിയുന്തോറും മെച്ചപ്പെട്ടു.

ഒരേക്കറില്‍ വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുകയാണ്. ഓറഞ്ച് മാത്രം ആയാല്‍ എല്ലാം ചെലവായെന്ന് വരില്ല. തൈകള്‍ എല്ലാവരും വാങ്ങും. ഫലങ്ങള്‍ എല്ലാവരും വാങ്ങണമെന്നില്ല, എന്നും ശ്രീനിവാസന്‍ പറയുന്നു.

30 കൊല്ലം നീണ്ട കാര്‍ഷിക പാരമ്പര്യമുള്ള വ്യക്തിയാണ് ശ്രീനിവാസന്‍.27-ാം വയസിലാണ് ശ്രീനിവാസന്‍ കൃഷി ആരംഭിച്ചത്. ഇപ്പോള്‍ 57 ആയി. എഴുത്തുകാരനും ശില്പിയും കൂടിയാണ് ശ്രീനിവാസന്‍.

കൃഷി മാത്രമല്ല കവിത രചനയും ശ്രിനിവാസനുണ്ട്.1984 ല്‍ ആദ്യ കവിത ചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മയ്ക്കാണ് സമര്‍പ്പിച്ചത്. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയെക്കുറിച്ചും ഒരു പുസ്തകം എഴുതിയിട്ടുണ്ട്. അദ്ദേഹം വീട്ടില്‍ വന്നാണ് പുസ്തകം സ്വീകരിച്ചത്.

അമ്മ ലീലാമണിയമ്മയും ഭാര്യ ഷൈലജയും കൃഷിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നു. മകള്‍ വൃന്ദയും ഒന്നര വയസുള്ള കൊച്ചുമകള്‍ മീനുക്കുട്ടിയും ശ്രീനിവാസനൊപ്പമുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News