കേന്ദ്രത്തിന്റെ അടിവേരിളകി തുടങ്ങി; ദില്ലിയില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് പൊലീസ്

കേന്ദ്രസര്‍ക്കാറിന്റെ എല്ലാ മര്‍ദ്ദന ഉപാധികളെയും അതിജീവിച്ചുകൊണ്ട് കര്‍ഷക സമരസഖാക്കള്‍ ചെങ്കോട്ട പിടിച്ചെടുത്തു കഴിഞ്ഞു. റിപ്പബ്ലിക് ദിനത്തില്‍ അവകാശ പോരാട്ട മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഡല്‍ഹിയിലേക്ക് ആരംഭിച്ച കര്‍ഷക മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.

മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പൊലീസും കര്‍ഷകരും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചു. സീമാപുരിയില്‍ ലാത്തിവീശിയ പൊലീസ് പിന്നാലെ കണ്ണീര്‍വാതകം പ്രയോഗിച്ചു. ബാരിക്കേഡ് മറികടക്കാന്‍ കര്‍ഷകര്‍ ശ്രമിച്ചത് ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷത്തിനിടയാക്കി.

മാര്‍ച്ചിനു നേരെ പൊലീസ് നടപടി ആരംഭിച്ചതോടെ നിരവധി പേര്‍ക്ക് പരുക്കേറ്റു. ട്രാക്ടറുകളുടെ ടയറിന്റെ കാറ്റ് പൊലീസ് അഴിച്ചുവിട്ടു. നിരവധി കര്‍ഷകര്‍ക്കും പരിക്കേറ്റു. വാഹനങ്ങളെല്ലാം റോഡില്‍നിന്ന് എടുത്ത് മാറ്റാന്‍ കഴിയാത്ത രീതിയില്‍ പൊലീസ് ആക്രമിക്കുന്നുണ്ട്.

അതേസമയം ദില്ലിയില്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് റദ്ദാക്കി കേന്ദ്രം പ്രതികാരം ശക്തമാക്കിയിരിക്കുകയാണ്. സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്ന് സേവന ദാതാക്കള്‍ പറഞ്ഞു.

ചെങ്കോട്ടയില്‍ കോട്ടകെട്ടി കര്‍ഷകര്‍ പതാക ഉയര്‍ത്തിയിരുന്നു. ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് നിഷാന്‍ സാഹിബ് എന്ന സിഖ് പതാക. അതേസമയം ചെങ്കോട്ട പിടിച്ചതിനെ അപലപിച്ച് കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍ രംഗത്തെത്തി.

കര്‍ഷകര്‍ ട്രാക്ടറുകളുമായി ഇന്ത്യാ ഗേറ്റിലേക്ക് നീങ്ങുകയാണ്. സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒക്ക് നേരെ ആക്രമണമുണ്ടായി. നിരവധി ബസ്സുകള്‍ പ്രതിഷേധത്തിനിടെ തകര്‍ക്കപ്പെട്ടു. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ചെയ്തു.

നേരത്തേ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും, അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷകസംഘടനകള്‍ പറഞ്ഞു.

അതേസമയം, ഹരിയാന അതിര്‍ത്തിയായ കര്‍നാലില്‍ എത്തിയ കര്‍ഷകര്‍ സിംഘുവിലേക്കു മടങ്ങിത്തുടങ്ങി. രാവിലെ സിംഘുവില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് കര്‍നാലില്‍ അവസാനിപ്പിച്ചാണ് കര്‍ഷകര്‍ മടക്കം ആരംഭിച്ചത്.

സിംഘുവില്‍ നിന്നുള്ളവര്‍ ബാരിക്കേഡുകള്‍ തകര്‍ത്ത് ജി ടി റോഡു വരെ എത്തിയിരുന്നു. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും ട്രാക്ടര്‍ മാര്‍ച്ച് എത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News