വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയില്‍ നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം: ശ്രേയാംസ്‌കുമാര്‍

വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പ്രഖ്യാപിക്കുന്ന പരിസ്ഥിതിലോല മേഖലയില്‍ നിന്ന് മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്ന് എം.വി. ശ്രേയാംസ്‌കുമാര്‍ രാജ്യസഭയില്‍ ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരിന്റെ കരട് വിജ്ഞാപനപ്രകാരം വയനാട്ടിലെ 118.59 ചതുരശ്ര കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയാക്കുമ്പോള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെടും.

ഒട്ടേറെ മനുഷ്യവാസ കേന്ദ്രങ്ങളും സുല്‍ത്താന്‍ബത്തേരി നഗരവും പരിസ്ഥിതിലോല മേഖലയാകുമെന്നതിനാല്‍ വയനാട് വലിയ ആശങ്കയിലാണെന്നും വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തണമെന്നും ശ്രേയാംസ്‌കുമാര്‍ ആവശ്യപ്പെട്ടു.

പരിസ്ഥിതിക്കും വന്യജീവിസംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്നയാളാണ് താനെന്ന് ശ്രേയാംസ്‌കുമാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ അതോടൊപ്പം മനുഷ്യജീവിതത്തേക്കുറിച്ചും ചിന്തിക്കണം.

മനുഷ്യവാസ കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും ഒഴിവാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം സമര്‍പ്പിച്ചെങ്കിലും അതിന് അനുമതി നല്‍കുന്നതിന് പകരം ഇപ്പോഴത്തെ കരട് വിജ്ഞാപനമിറക്കുകയാണ് കേന്ദ്രം ചെയ്തത്.

താമസസ്ഥലം നഷ്ടമാകുമോയെന്ന ആശങ്കയില്‍ വയനാട്ടിലെ ജനങ്ങള്‍ സമരം തുടങ്ങിക്കഴിഞ്ഞു. വിവിധ സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും വലിയ തോതിലുള്ള പ്രതിഷേധ പരിപാടികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

കേരളത്തിലെ മറ്റു വന്യജീവി മേഖലകള്‍ക്ക് ചുറ്റുമുള്ള സ്ഥലവും പരിസ്ഥിതിലോല മേഖലയാക്കാന്‍ നീക്കം നടക്കുന്നുണ്ട്. രാജ്യത്തെ മറ്റ് പരിസ്ഥിതിലോല മേഖലകളില്‍ നിന്ന് വ്യത്യസ്തമാണ് കേരളത്തിലേത്.

ഇവിടെ കാലാകാലങ്ങളായുള്ള കുടിയേറ്റംകൊണ്ട് വനമേഖലയ്ക്ക് തൊട്ടടുത്തുതന്നെ ചെറുനഗരങ്ങളും കൃഷിസ്ഥലങ്ങളുമുണ്ട്. അതിനാല്‍ മനുഷ്യവാസ കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ട് വിജ്ഞാപനത്തില്‍ ഭേദഗതിവരുത്തണമെന്ന് രാജ്യസഭയില്‍ നടത്തിയ പ്രത്യേക പരാമര്‍ശത്തില്‍ ശ്രേയാംസ്‌കുമാര്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here