“പ്രധാനമന്ത്രി വാക്സിനേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് പ്ലാനിംഗ് ഇല്ലാതെ, കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്ര സര്‍ക്കാരിന് സംഭവിച്ചത് ഗുരുതര പാളിച്ച”: കെ ജെ ജേക്കബ്

കൊവിഡ് പ്രതിരോധവും വാക്സിനേഷനുമായും ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് വലിയ തോതിലുള്ള പാളിച്ച ഉണ്ടായിട്ടുണ്ട്. വാക്സിന്‍ കച്ചവടവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ആക്ഷേപങ്ങളെപ്പറ്റിയും കേരളം വാക്സിന്‍ ചലഞ്ചിലൂടെ കാഴ്ച വയ്ക്കുന്ന പൊതു മാതൃകയെക്കുറിച്ചും മാധ്യമ പ്രവര്‍ത്തകന്‍ കെ ജെ ജേക്കബ് കൈരളി ന്യൂസിനോട് സംസാരിക്കുന്നു.

‘ഇതൊരു പണത്തിന്റെ പ്രശ്‌നമല്ല.18 നും 45 നും ഇടയ്ക്ക് പ്രായമുള്ള ആള്‍ക്കാരെ വാക്സിനേറ്റ് ചെയ്യുന്ന പരിപാടിയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ മാറിയിരിക്കുന്നത്. ആ ജോലിയാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരുകളെ ഏല്‍പ്പിച്ചിരിക്കുന്നത്. അങ്ങനെ നോക്കിയാല്‍ നമുക്ക് ഏകദേശം ഒന്നരക്കോടിയോളം ആള്‍ക്കാരെ വാക്സിനേറ്റ് ചെയ്യേണ്ടി വരും. അപ്പോള്‍ ഒരു ഡോസിന് 400 രൂപ വച്ച് 1100 -1200 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് ആവശ്യമായി വരും.

എങ്ങനെ നോക്കിയാലും സോഷ്യല്‍ മീഡിയയില്‍ നിന്ന് ഒരു 50 കോടി ലഭിച്ചാലും ബാക്കി സിംഹഭാഗവും സര്‍ക്കാര്‍ എടുക്കേണ്ടി വരും. നമ്മളിതിനെ കാണേണ്ടത് വലിയൊരു രാഷ്ട്രീയ പ്രതിരോധമായാണ്. ലോകത്തെല്ലായിടത്തും സര്‍ക്കാരുകളാണ് വാക്സിന്‍ നല്കുന്നത്, അമേരിക്കയടക്കം. കുത്തക മുതലാളിത്തത്തിന്റെ ഈറ്റില്ലമായ അമേരിക്കയില്‍ പോലും എല്ലാ മനുഷ്യര്‍ക്കും സൗജന്യമായാണ് വാക്സിന്‍ നല്‍കുന്നത്. അവരിപ്പോള്‍ പറഞ്ഞു കൊണ്ടിരിക്കുന്നത് വാക്സിന്‍ സൗജന്യമായതുകൊണ്ടു ആളുകള്‍ വാക്സിന്‍ എടുക്കുന്നില്ലെന്നാണ്. അതുകൊണ്ടു എങ്ങനെയെങ്കിലും ആളുകളെ വാക്സിന്‍ എടുപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ലോകത്തെല്ലായിടത്തും വാക്സിനേഷന്‍ സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്ന കാര്യമാണ്.

കേന്ദ്രസര്‍ക്കാര്‍ ഇതിനു വേണ്ടി പണം നീക്കി വച്ചിട്ടുണ്ട്. 35,000 കോടി രൂപ നമ്മുടെ ബഡ്ജറ്റില്‍ ധനകാര്യമന്ത്രി നീക്കി വച്ചിട്ടുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യത്തെ കണക്കനുസരിച്ചാണെങ്കില്‍ 150 രൂപയ്ക്കു ഈ വാക്സിന്‍ കൊടുത്താല്‍ പോലും അവര്‍ക്കു ലാഭമുണ്ടെന്നു അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. 100 കോടി ഇന്ത്യക്കാര്‍ക്കും വാക്സിന്‍ നല്‍കാന്‍ ആവശ്യമായ പണം നമ്മുടെ പാര്‍ലമെന്റ് പാസ്സാക്കി കേന്ദ്ര സര്‍ക്കാരിന്റെ കയ്യിലുണ്ട്. ഈ പണമെവിടെയെന്നുള്ള ചോദ്യം പരമപ്രധാനമായി നാം ഉന്നയിക്കണം.

കൊവിഡ് വാക്സിന് വേണ്ടി മാത്രം എന്ന് പറഞ്ഞു നമ്മുടെ ബഡ്ജറ്റില്‍ അവതരിപ്പിക്കുകയും ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കുകയും ചെയ്ത പണമവിടിരിക്കുമ്പോള്‍ എന്തിനാണ് സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ ഇതടിച്ചേല്‍പ്പിക്കുന്നത് എന്ന ചോദ്യവും നമ്മള്‍ ചോദിക്കേണ്ടതുണ്ട്. അതാണ് വാക്സിന്‍ ചലഞ്ചിലൂടെ മലയാളികള്‍ ചോദിക്കുന്നത്.

രണ്ടാമത്തെ പ്രധാനപ്പെട്ട കാര്യം വാക്സിനേഷനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന് വലിയ തോതിലുള്ള പാളിച്ച ഉണ്ടായിട്ടുണ്ട്. ജനുവരി 15 നാണ് ലോകത്തെ വലിയൊരു വാക്സിനേഷന്‍ പരിപാടിയെന്ന് പറഞ്ഞ് നമ്മുടെ വാക്സിനേഷന്‍ പ്രോഗ്രാം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്. അത് സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ ഇന്നാട്ടിലുള്ള മുഴുവന്‍ വാക്സിന്‍ കമ്പനികളും മുഴുവന്‍ സമയം വാക്സിന്‍ ഉണ്ടാക്കിയാലും രണ്ടു വര്‍ഷമെങ്കിലുമെടുക്കും എല്ലാവര്‍ക്കുമത് വിതരണം ചെയ്യാന്‍. ഈ നാല് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ എന്ത് പ്ലാനിംഗ് ആണ് സ്വീകരിച്ചതെന്ന് ചോദിക്കേണ്ടി വരും. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പ്രോഗ്രാം ലോഞ്ച് ചെയ്യുമ്പോള്‍ തന്നെ സര്‍ക്കാര്‍ ആലോചിക്കണം നമ്മളീ വാക്സിന്‍ എവിടെനിന്നാണ് കൊണ്ട് വരികയെന്ന്. പ്രൈവറ്റ് കമ്പനികള്‍ക്കാണെങ്കില്‍ അവര്‍ക്കു പണം അഡ്വാന്‍സ് ആയി കൊടുത്ത് വാക്സിന്‍ ഉണ്ടാക്കിക്കുക. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് ഒരു കാര്യം പറഞ്ഞിരുന്നു. ഈ രണ്ടു കമ്പനികള്‍ക്കു മാത്രമല്ല നമ്മുടെ നിയമമനുസരിച്ച് വാക്സിന്‍ ഉണ്ടാകാന്‍ കഴിയുക. ഒരു കമ്പനിക്ക് പേറ്റന്റ് ഉണ്ടെങ്കില്‍ കൂടി കംപള്‍സറി ലൈസന്‍സിങ് എന്നൊരു വ്യവസ്ഥ നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. ആ നിയമവ്യവസ്ഥ ഉപയോഗിച്ചുകൊണ്ട് മറ്റുള്ള കമ്പനികളെക്കൊണ്ട് വാക്സിന്‍ ഉണ്ടാക്കിപ്പിക്കാം. അങ്ങനെ വാക്സിന്‍ ഉണ്ടാക്കാനുള്ള ഒരു ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ല.

ഈ ചോദ്യങ്ങള്‍ക്കിടയിലാണ് മലയാളി നിങ്ങള്‍ എത്ര ബുദ്ധിമുട്ടിച്ചാലും ശരി ഞങ്ങളൊരുമിച്ച് നിന്ന് ഈ മഹാമാരിയെ നേരിടുമെന്ന് പറയുന്നത്. മലയാളിയുടെ ദൃഢനിശ്ചയത്തിന്റെ, സാഹോദര്യത്തിന്റെ ഒരു പ്രതിഫലനമായിട്ടാണ് ഇതിനെ ഞാന്‍ കാണുന്നത്.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News