ADVERTISEMENT
സാംസ്‌കാരിക സംവാദങ്ങള്‍ക്കുള്ള കേരളത്തിലെ തുറന്ന വേദിയാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ഡി സി കിഴക്കെമുറി ഫൗണ്ടേഷനും ഡി സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഇ-പതിപ്പ് (ഇ-കെ.എല്‍.എഫ്) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാമാരിയ്ക്ക് ശേഷം വരും വര്‍ഷങ്ങളില്‍ കോഴിക്കോടിന് പുറമേ കൊച്ചി, തിരുവനന്തപുരം തുടങ്ങി പ്രാധാന നഗരങ്ങളിലേക്കും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ നടത്തണമെന്നും ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തുറന്ന സംവാദങ്ങളുമായി പരിപാടി വരും വര്‍ഷങ്ങളിലും മുന്നോട്ട് പോകണമെന്നും പൂര്‍ണ്ണപിന്തുണയുമായി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. മലയാളം ലോകസാഹിത്യത്തിന് സമ്മാനിച്ച വിശ്വകവിയാണ് സച്ചിദാനന്ദനെന്ന് മലയാളത്തിന്റെ പ്രിയ കവിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് മന്ത്രി പറഞ്ഞു. സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരം ‘ഇല്ല, വരില്ലിനി’ യുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.
സ്വാഗതസംഘം ചെയര്‍മാന്‍ എ പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടനയോഗത്തില്‍. രവി ഡി സി , ജനറല്‍ കണ്‍വീനര്‍ എ കെ അബ്ദുല്‍ ഹക്കീം എന്നിവര്‍ പങ്കെടുത്തു. കവിതയിലെ കാലമുദ്രകള്‍ എന്ന വിഷയത്തില്‍ സച്ചിദാനന്ദനുമായി ഡോ. പി സുരേഷ് നടത്തിയ സംവാദം സമകാലിക വിഷയങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി.
സച്ചിദാനന്ദന്റെ കാവ്യജീവിതം അടയാളപ്പെടുത്തുന്ന കാലചരിത്രത്തെ പരിശോധിക്കുന്നതായിരുന്നു സംവാദം.ഫെസ്റ്റിവല്‍ ഡയറക്ടര്‍ സച്ചിദാനന്ദന്റെ എഴുപത്തഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കാവ്യോത്സവം ഫലസ്തീന്‍ കവി അസ്മ അസെ, ലക്ഷദ്വീപ് കവി ഇസ്മത്ത് ഹുസൈന്‍ എന്നിവരുടെ കവിതയോടെ ആരംഭിച്ചു. വൈകീട്ട് 8.30 വരെയാണ് കാവ്യോത്സവം.
Get real time update about this post categories directly on your device, subscribe now.