‘മിന്നല്‍ മുരളി’ ചിത്രത്തിന്റെ ഒടിടി അവകാശം വാങ്ങി നെറ്റ്ഫ്‌ളിക്‌സ്

 ടൊവീനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ ഒരുങ്ങുന്ന ചിത്രമാണ് ‘മിന്നല്‍ മുരളി’.ചിത്രത്തില്‍ അമാനുഷിക കഥാപാത്രമായ മിന്നല്‍ മുരളിയായാണ് ടൊവിനോ വേഷമിടുന്നത്.

ചിത്രത്തിന്റെ ഒടിടി അവകാശം നെറ്റ്ഫ്‌ളിക്‌സ് ആണ് വാങ്ങിയിരിക്കുന്നത്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കിയ സമയത്ത് മാര്‍ച്ച് മാസത്തില്‍ തന്നെ അണിയറക്കാര്‍ ഇക്കാര്യം അറിയിച്ചിരുന്നതാണ്. അതേസമയം ചിത്രത്തിന് റെക്കോര്‍ഡ് തുകയാണ് നെറ്റ്ഫ്‌ളിക്‌സ് നല്‍കിയിരിക്കുന്നത് എന്നാണ് ഇതു സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട്. ടൊവീനോയുടെ സമീപകാല ചിത്രം ‘കള’യ്ക്ക് ഒടിടി റിലീസില്‍ ലഭിച്ച മികച്ച പ്രതികരണമാണ് നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് വന്‍ തുക ലഭിക്കാന്‍ കാരണമെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വിറ്ററില്‍ കുറിച്ചു. തിയറ്റര്‍ റിലീസിനു ശേഷമാണ് ആമസോണ്‍ പ്രൈമിലൂടെ ‘കള’ എത്തിയത്. ‘മിന്നല്‍ മുരളി’യും ഇതേ മാതൃകയില്‍ തിയറ്റര്‍ റിലീസിനു ശേഷമാവും നെറ്റ്ഫ്‌ളിക്‌സില്‍ എത്തുക.

സ്നേഹ ബാബു, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു സന്തോഷ് തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. സോഫിയ പോൾ ആണ് ചിത്രം നിർമിക്കുന്നത്. ജസ്റ്റിൻ മാത്യു, അരുൺ എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം സമീർ താഹിറാണ്. ഷാൻ റഹ്മാനാണ് സം​ഗീതം.

കുഞ്ഞിരാമായണം, ഗോദ എന്നീ ചിത്രങ്ങൾക്കു ശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് മിന്നൽമുരളി. ​ഗോദയ്ക്ക് ശേഷം ബേസിലും ടൊവിനോയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. മലയാളം തമിഴ് ഭാഷകളിൽ മിന്നൽമുരളി, ഹിന്ദിയിൽ മിസ്റ്റർ മുരളി, തെലുങ്കിൽ മെരുപ്പ് മുരളി, കന്നഡയിൽ മിഞ്ചു മുരളി എന്നിങ്ങനെയാണ് ടൈറ്റിലുകൾ.

ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്.ചിത്രത്തിലെ രണ്ട് വമ്പന്‍ സംഘട്ടനങ്ങള്‍ സംവിധാനം ചെയ്യുന്നത് ബാറ്റ്മാന്‍, ബാഹുബലി, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച വ്‌ളാഡ് റിംബര്‍ഗാണ്. വി എഫ് എക്‌സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. അതേസമയം ഓണം തിയട്രിക്കല്‍ റിലീസ് ആയാണ് മിന്നല്‍ മുരളി പ്ലാന്‍ ചെയ്തിരുന്നതെങ്കിലും ‘മരക്കാര്‍’ റിലീസും ഓണത്തിനാണ് എന്നതിനാല്‍ എന്തെങ്കിലും മാറ്റമുണ്ടാവുമോ എന്ന കാര്യം വ്യക്തമല്ല. കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും മൂന്നാഴ്ചത്തെ ഫ്രീ-റണ്‍ അടക്കം ഓഗസ്റ്റ് 12നാണ് മരക്കാര്‍ എത്തുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News