വീണാ ജോർജ് ഇടപ്പെട്ടു; കോന്നി ഗവ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം ഉടൻ പ്രവർത്തനം ആരംഭിക്കും

ആരോഗ്യമന്ത്രി വീണാ ജോർജിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് കോന്നി ഗവ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം സെപ്റ്റംബർ ആദ്യ ആഴ്ചയിൽ തന്നെ ആരംഭിക്കാൻ കഴിയുമെന്ന് അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. നിലവിൽ മെഡിക്കൽ കോളജിലെ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നതായി എം എൽ എ യുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തി.

പ്രവർത്തന പുരോഗതി വിലയിരുത്താൻ എം എൽ എയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും, എല്ലാ വകുപ്പ് മേധാവികളും പങ്കെടുത്ത് മെഡിക്കൽ കോളേജിൽ ഉന്നതതല യോഗവും ചേർന്നു. കാഷ്വാലിറ്റി, ഐ സി യു, മൈനർ ഓപ്പറേഷൻ തീയറ്റർ തുടങ്ങിയവയുടെ പ്രവർത്തനങ്ങളാണ് ഉടൻ ആരംഭിക്കാൻ പോകുന്നത്.

കൊവിഡ് വാർഡിൻ്റെ പ്രവർത്തനം അവസാനിപ്പിച്ച സാഹചര്യത്തിൽ കിടത്തി ചികിത്സയും പുനരാരംഭിക്കും. കാഷ്വാലിറ്റി വിഭാഗത്തിൽ ട്രയാജ്, റെഡ്, യെല്ലോ, ഗ്രീൻ എന്നീ നാലു വിഭാഗങ്ങൾ ഉണ്ടാകും. ട്രയാജിലേക്കാകും രോഗിയെ ആദ്യം എത്തിക്കുക. ട്രയാജിൻ്റെ ചുമതല വഹിക്കുന്ന ഡോക്ടർമാർ രോഗിയുടെ അവസ്ഥ വിലയിരുത്തി രോഗിയെ എവിടേക്ക് മാറ്റണമെന്നു തീരുമാനിക്കും.

അതേസമയം, ഗുരുതരാവസ്ഥയിലുള്ളവരെ റെഡിലേക്കും ,പ്ളാസ്റ്റർ, ക്ഷതമേറ്റിട്ടുള്ളവരുൾപ്പടെയുള്ള രോഗികളെ യെല്ലോയിലേക്കും, തീവ്രത കുറഞ്ഞ രോഗമുള്ളവരെ ഗ്രീനിലേക്കു മാണ് മാറ്റുക. എല്ലാ വിഭാഗവും പ്രവർത്തിക്കുന്നതിനാവശ്യമായ ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവരിൽ ഭൂരിപക്ഷവും നിയമിതരായിട്ടുണ്ട്. ഇനിയും ആവശ്യമുള്ള 15 ജൂനിയർ റസിഡൻറുമാരെ ഉടൻ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഓപ്പറേഷൻ തീയറ്ററിലേക്കാവശ്യമായ അനസ്തേഷ്യാ വർക്ക് സ്റ്റേഷൻ, ഓപ്പറേഷൻ ടേബിൾ, ഷാഡോ ലെസ്സ് ലൈറ്റ്, ഡയാടെർമി, ഡീസിബ്രിലേറ്റർ തുടങ്ങി എല്ലാ ഉപകരണങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. ഇവയെല്ലാം സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കകയാണ്.

ഐ സി യുവിനായി നാല് വെൻ്റിലേറ്റർ, 12 ഐ സി യു ബെഡുകൾ , 50 ഓക്സിജൻ കോൺസൺട്രേറ്റർ, മൂന്ന് കാർഡിയാക്ക് മോണിറ്റർ, ബെഡ് സൈഡ് ലോക്കർ ,ബെഡ് ഓവർ ടേബിൾ തുടങ്ങിയവയും എത്തിയിട്ടുണ്ട്. ഇനിയും ആവശ്യമുള്ള ഫർണിച്ചറുകൾ ഒരാഴ്ചയ്ക്കുള്ളിൽ എത്തിക്കാനും യോഗത്തിൽ തീരുമാനമായി.

കിടത്തി ചികിത്സയ്ക്കായി ഓക്സിജൻ സൗകര്യമുള്ള 120 കിടക്കകളും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. എം എൽ എ ഫണ്ടിൽ നിന്നും ലഭ്യമാക്കിയിട്ടുള്ള അൾട്രാസൗണ്ട് സ്കാനിംഗ്‌ മെഷീൻ സ്ഥാപിക്കുന്ന പ്രവർത്തനം പൂർത്തീകരിച്ച് ലൈസൻസും ലഭിച്ചു കഴിഞ്ഞതായി സൂപ്രണ്ട് യോഗത്തിൽ അറിയിച്ചു.

സി ടി എം ആർ ഐ സ്കാനിംഗ്‌ മെഷീനുകൾ, ആറ് മേജർ ഓപ്പറേഷൻ തീയറ്ററുകൾ തുടങ്ങിയവ ഉടൻ സ്ഥാപിക്കാനാവശ്യമായ നടപടികൾ നടന്നുവരുന്നതായും സൂപ്രണ്ട് പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിരന്തര ഇടപെടലാണ് മെഡിക്കൽ കോളേജ് വികസനം ഏറ്റവും വേഗത്തിൽ യാഥാർഥ്യമാക്കാൻ ഇടയാക്കിയതെന്ന് എം എൽ എ പറഞ്ഞു.

മന്ത്രിയുടെ ഇടപെടലിലൂടെ ആരോഗ്യരംഗത്തെ മികച്ച സേവനമാണ് ജില്ലയിലെ ജനങ്ങൾക്ക് ലഭ്യമാകാൻ പോകുന്നതെന്നും എം എൽ എ കൂട്ടിച്ചേർത്തു. യോഗത്തിൽ എം എൽ എയോടൊപ്പം മെഡിക്കൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ ഡോ തോമസ് മാത്യു, പ്രിൻസിപ്പാൾ ഡോ മിന്നി മേരി മാമൻ, സൂപ്രണ്ട് ഡോ എസ് സജിത്കുമാർ, വിവിധ ഡിപ്പാർട്ട്മെൻ്റ് ഹെഡുമാർ തുടങ്ങിയവർ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here