‘കെ – റെയിൽ പദ്ധതിയ്ക്ക് എന്തിന് കേന്ദ്രം തടസ്സം നിൽക്കുന്നു ? തരംതാണ രാഷ്ട്രീയം അവസാനിപ്പിക്കണം’; ജോൺബ്രിട്ടാസ് എംപി

റെയിൽവേ വികസനത്തിൽ ഏറ്റവും അവഗണിക്കപ്പെട്ട സംസ്ഥാനമാണ് കേരളം എന്ന് ജോൺ ബ്രിട്ടാസ് എം പി രാജ്യസഭയിൽ.കെ റെയിൽ പദ്ധതിക്ക് എന്തിന് കേന്ദ്രം തടസ്സം നിൽക്കുന്നുവെന്നും കൊങ്കൺ റെയിൽവെ നിർമ്മിച്ചപ്പോൾ ഇല്ലാത്ത പരിസ്ഥിതി പ്രശ്നമാണ് ഇപ്പോൾ ഇ ശ്രീധരനെന്നും തരംതാണ രാഷ്രീയം അവസാനിപ്പിക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ പറഞ്ഞു.

 സഭയിൽ ജോൺബ്രിട്ടാസ് എംപി യുടെ പ്രസംഗത്തെ കേന്ദ്രമന്ത്രി വി മുരളീധരൻ എതിർത്തെങ്കിലും ജോൺ ബ്രിട്ടാസ് എം പി  ആഞ്ഞടിച്ചു.കേന്ദ്ര മന്ത്രിസഭയുടെ തീരുമാനമാണ് നടപ്പാക്കുന്നതെന്നും എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അത് ചർച്ച ചെയ്യണമെന്നും സഭയിൽ അദ്ദേഹം പറഞ്ഞു.

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സംസ്ഥാനത്തോടൊപ്പം 49 ശതമാനം പങ്കാളിത്തമുള്ള കേന്ദ്രത്തിന്റെ പ്രതിനിധിയായ മന്ത്രിവി മുരളീധരൻ ഇതില്‍ നിന്നും വിട്ടു നില്‍ക്കുകയും പദ്ധതിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോടൊപ്പം ചേരുകയാണെന്നും ജോണ്‍ ബ്രിട്ടാസ് എംപി  പറഞ്ഞു. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ, അര്‍ദ്ധ അതിവേഗ പാതകളെ പ്രോത്സാഹിപ്പിക്കുകയാണ് കേന്ദ്ര നയമെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖത്തില്‍ അവകാശപ്പെടുന്ന മന്ത്രി കേരളത്തിന്റെ പദ്ധതിയ്ക്ക് എതിരായി നിലനില്‍ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

മലകള്‍ തുരന്ന്, തണ്ണീര്‍ത്തടങ്ങള്‍ നികത്തിയും കൊങ്കണ്‍ പാതയുണ്ടാക്കിയ ഈ ശ്രീധരനാണ് കെ റെയിലില്‍ പാരിസ്ഥിതിക വാദം ഉയര്‍ത്തുന്നത്. ഇത്തരത്തിലുള്ള ഇടുങ്ങിയ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് റെയില്‍വേ മന്ത്രി വഴങ്ങരുതെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടു. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസ് പദ്ധതിക്കെതിരെ ഒരുമിച്ച് സമരം നടത്തുകയാണ്. പാരിസ്ഥിതികാഘാത പഠനം നടത്താന്‍ പോലും തങ്ങളെ അനുവദിക്കുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ രാജ്യത്തിന്റെ ധനമന്ത്രി തന്നെ തങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം നടപ്പിലാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നത്. ഇതിനാല്‍, തെറ്റുകള്‍ ചൂണ്ടിക്കാട്ടി ഞങ്ങളെ നയിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. ഇതിനുപകരം, പദ്ധതിയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചിറങ്ങുന്നവര്‍ക്കൊപ്പം ചേരുകയാണ് ബിജെപിയെന്നും അദ്ദേഹം ആരോപിച്ചു.

റെയില്വെയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങൾ അവതരിപ്പിച്ച ശേഷമാണ് ജോൺ ബ്രിട്ടാസ് എം പി കെ റെയിൽ വിഷയത്തിലേക്ക് കടന്നത്.1950ൽ രാജ്യത്തെ മൊത്തം ചരക്ക് ഗതാഗതത്തിന്റെ 84 ശതമാനവും റെയിൽവേയാണ് കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ അത് വെറും 28 ശതമാനമായി കുറഞ്ഞു.
യാത്രക്കാരുടെ കാര്യമെടുത്താൽ 1950ൽ 79 ശതമാനം യാത്രക്കാരാണ് റെയിൽവേയെ ആശ്രയിച്ചിരുന്നതെങ്കിൽ അത് ഇപ്പോൾ 12 ശതമാനമായി കുറഞ്ഞു എന്ന കണക്ക് അദ്ദേഹം സൂചിപ്പിച്ചു

കെ റെയില്‍ പദ്ധതിക്ക് എന്തിന് കേന്ദ്രം തടസ്സം നില്‍ക്കുന്നുവെനന്നായിരുന്നു ജോൺ ബ്രിട്ടാസ് എം പിയുടെ ചോദ്യം.കെ റെയ്‌ലിനെതിരെയുള്ളത് കേന്ദ്രത്തിന്റെ തരംതാണ രാഷ്ട്രീയം ആണെന്നും അതവസാനിപ്പിച്ച് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നുന്നുവെങ്കിൽ ചർച്ചയ്ക്ക് തയ്യാറാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര റെയില്വേ മന്ത്രി പോലും കൃത്യമായ നിലപാട് വ്യക്തമാക്കുന്നില്ല.ചർച്ചകൾ ഉണ്ടാകാതെ പദ്ധതി തടയാനാണ് കേന്ദ്രം ശ്രമിക്കുന്നത്.ബി ജെ പിയും ലീഗും കോൺഗ്രസും ഒരുപോലെ ഒത്തുകളിക്കുന്നത് ഈ പദ്ധതി ഇല്ലാതാക്കാൻ ആണ്.കഴിഞ്ഞ ഏതാനും ആഴ്ചകളായി റെയിൽവേ മന്ത്രി കെ-റെയിൽ നടപ്പാക്കാൻ ശ്രമിക്കുന്നവരെയും എതിർക്കുന്നവരെയും ഒരേപോലെ കൈയ്യടിച്ച് പ്രോൽസാഹിപ്പിക്കുകയാണ്. ഇങ്ങനെയല്ല രാജ്യത്തിന്റെ റെയിൽവേ മന്ത്രി കേരളത്തിന്റെ ഒരു പ്രധാനപ്പെട്ട റെയിൽവേ പ്രൊജക്റ്റിനെ സമീപിക്കേണ്ടത് എന്നും ജോൺബ്രിട്ടാസ് എം പി സൂചിപ്പിച്ചു

മുരളീധരൻ സമരക്കാർക്കൊപ്പം ചേർന്ന് നാട് നീളെ നടന്ന് കെ റെയിലിനെ എതിർക്കുകയാണ്, ഇ ശ്രീധരന്റേത് ഇരട്ടത്താപ്പ് ആണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.  കെ റെയിൽ രാജ്യസഭയിൽ ഇത്രയും ശക്തമായി ആദ്യമായാണ് ജോൺബ്രിട്ടാസ് എംപി അവതരിപ്പിക്കുന്നത്. കേന്ദ്രത്തിന്റെ തരംതാണ രാഷ്രീയമാണിതെന്നും, പദ്ധതിക്ക് എന്തിനാണ് തടസം നിൽക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.റെയിൽവെയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ നയങ്ങളെ രൂക്ഷമായി ജോൺ ബ്രിട്ടാസ് എം പി വിമർശിച്ചു .

തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട്, ശബരിമല-ദിണ്ടിഗൽ, കാഞ്ഞങ്ങാട്-കണിയൂർ, തിരൂർ-ഇടപ്പള്ളി, ശബരി റെയിൽ, തിരുനാവായ-ഗുരുവായൂർ, എറണാകുളം-മൂന്നാം ലൈൻ തുടങ്ങി നിരവധി പദ്ധതികൾ പതിറ്റാണ്ടുകളായി മന്ത്രാലയത്തിന്റെ അനുകൂലമായ അനുമതിക്കായി കാത്തിരിക്കുകയാണ്.കഴിഞ്ഞ ബജറ്റിൽ പോലും വളരെ തുച്ഛമായ തുകയാണ് കേരളത്തിന്റെ റെയിൽവെ വികസനത്തിനായി നൽകിയത്

ബജറ്റിൽ 400 വന്ദേ ഭാരത് എക്സ്പ്രസുകൾ നിർദ്ദേശിച്ചിട്ടുണ്ട് , ഇതിന് 6400 അധിക പുതിയ സാങ്കേതിക കോച്ചുകൾ ആവശ്യമാണ്. പുതിയ കോച്ച് നിർമാണ ശേഷി ബജറ്റിൽ നിർദേശിച്ചിട്ടില്ല. കഞ്ചിക്കോട് കോച്ച് ഫാക്‌ടറിക്കായി ഭൂമി നേരത്തെ നീക്കിവെച്ചിട്ടുണ്ട്, 2011ൽ തറക്കല്ലിടുകയും ചെയ്തതാണ്. പ്രത്യേകിച്ച് ഒരു മെച്ചവും കേന്ദ്രബജറ്റിൽ നിന്നുമുണ്ടായില്ല.

കെ റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിലെ ഒരു ഏട് എന്ന് തന്നെ പറയാനാകും കേരളത്തിന്റെ ഈ അടുത്തകാലത്തെ വികസനങ്ങൾ കണക്കിലെടുക്കുമ്പോൾ അത്‌ തീർത്തും അനിവാര്യമായ ഒരു പദ്ധതിയാണെന്ന് അദ്ദേഹം രാജ്യസഭയിൽ കൂട്ടിച്ചേർത്തു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News