കെ സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്ത് തത്ക്കാലം തുടരും. സമ്പൂര്‍ണ ഐക്യത്തോടെ മുന്നോട്ടുപോകണമെന്ന് നേതാക്കളോട് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വ്യത്യസ്ത പ്രസ്താവനകള്‍ നടത്താനും ചിന്താഗതികള്‍ പറയാനും സ്വാതന്ത്ര്യം ഉണ്ടാകില്ല. ഇക്കാര്യങ്ങള്‍ ശക്തമായി നിരീക്ഷിക്കുമെന്നും ഹൈക്കമാന്‍ഡ് മുന്നറിയിപ്പ് നൽകി. കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റണമെന്ന ആവശ്യമുന്നയിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അടക്കമുളള നേതാക്കള്‍ക്ക് വലിയ തിരിച്ചടിയാണ് ഹൈക്കമാന്‍ഡില്‍ നിന്നുണ്ടായത്.
പരസ്യമായും രഹസ്യമായും കെ സുധാകരനെതിരെ നടത്തിയ പടനീക്കം വിജയം കണ്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കെ നില്‍ക്കെ നേതൃമാറ്റം ഗുണം ചെയ്യില്ലെന്ന് ഹൈക്കമാന്‍ഡ് നിലപാട് സ്വീകരിച്ചു. ദില്ലി ഇന്ദിരാഭവനില്‍ ചേര്‍ന്ന യോഗത്തില്‍ നേതൃമാറ്റം അജണ്ടയില്‍ പോലുമുണ്ടായിരുന്നില്ലെന്ന് കേരളത്തിന്റെ ചുമതലയുളള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വ്യക്തമാക്കി.
സംസ്ഥാന കോണ്‍ഗ്രസിലെ സമ്പൂര്‍ണ ഐക്യത്തിന് നേതാക്കളോട് ഹൈക്കമാന്‍ഡ് ആഹ്വാനം ചെയ്തതായി കെസി വേണുഗോപാല്‍ അറിയിച്ചു. മാധ്യമങ്ങളില്‍ വ്യത്യസ്ത പ്രസ്താവനകളും ചിന്താഗതികളും നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ഇക്കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് നിരീക്ഷിക്കുമെന്നും ശശി തരൂരിനെ മുന്നില്‍ നിര്‍ത്തി കെസി വേണുഗോപാല്‍ പറഞ്ഞു. എല്ലാ അഭിപ്രായ വ്യത്യാസങ്ങളും പറഞ്ഞു തീര്‍ത്തതായി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കൊച്ചുകേരളം പിടിച്ചടക്കാന്‍ ഒറ്റക്കെട്ടായി നീങ്ങുമെന്നായിരുന്നു കെ സുധാകരന്റെ പ്രതികരണം. അതേസമയം ഹൈക്കമാന്‍ഡ് തീരുമാനത്തിലെ അതൃപ്തി പ്രതിപക്ഷ നേതാവ് വി ഡി സതീശനില്‍ വ്യക്തമായിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തോട് ഒരു പ്രതികരണവും നടത്താന്‍ അദ്ദേഹം തയ്യാറായില്ല. രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്കാ ഗാന്ധി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ നേതാക്കളുമായി ചര്‍ച്ച നടന്നത്. കെ മുരളീധരനും മുല്ലപ്പളളി രാമചന്ദ്രനും യോഗത്തില്‍ നിന്നും വിട്ടുനിന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

