
വിശുദ്ധ ജീവിതത്തിന്‍റെ വെളിച്ചം ബാക്കിവച്ച് ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങിയത് ലോകം വേദനയോടെയാണ് കാണുന്നതെന്ന് മന്ത്രി കെബി ഗണേഷ് കുമാർ. മാർപാപ്പയുടെ വിടവാങ്ങലുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ കുറിച്ച അനുശോചന കുറിപ്പിലാണ് അദ്ദേഹം പോപ് ഫ്രാൻസിസിനെ സ്മരിച്ചത്. ലോകത്തിന്‍റെ ഓരോ ചലനങ്ങളിലും അദ്ദേഹത്തിന്‍റെ നിലപാടുകൾക്ക് ലോകം കാതോർത്തിരുന്നു.
ലളിത ജീവിതം കൊണ്ട് മാതൃക കാണിച്ച അദ്ദേഹം ലോകരാഷ്ട്രീയത്തിൽ നിർണായകമായ ഇടപെടലുകൾ നടത്തിയിരുന്നതായും മന്ത്രി കുറിച്ചു. നിരവധി രാജ്യങ്ങൾ തമ്മിലുള്ള ശീതയുദ്ധങ്ങൾ അയവ് വരുത്തുന്നതിൽ മനുഷ്യസ്‌നേഹികൂടിയായ ഫ്രാൻസിസ് മാർപ്പാപ്പ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസും അനുശോചിച്ചു. ഫ്രാൻസിസ് മാർപാപ്പ ലോകത്തോട് വിടവാങ്ങിയിത് ദു:ഖത്തോടെയാണ് കേൾക്കുന്നതെന്നും വേദനിക്കുന്നവർക്കും കഷ്ടപ്പെടുന്നവർക്കും വേണ്ടി ശബ്ദമുയർത്തിയ വലിയ ഇടയന് കണ്ണീരോടെ വിട നൽകുന്നുവെന്നും അദ്ദേഹം കുറിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here