സംസ്ഥാന ചരിത്രത്തിലാദ്യമായി വരവും ചെലവും രണ്ട് ലക്ഷം കോടി രൂപ കടക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. 2,00,354 കോടി രൂപ വലുപ്പം വരുന്നതാണ് അടുത്ത സാമ്പത്തികവര്‍ഷത്തേക്കുള്ള ബജറ്റ്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1,17,000 കോടി രൂപയായിരുന്നു ശരാശരി ബജറ്റ് ചെലവ്. നിലവിലത് 1,64,000 കോടി രൂപയിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നടപ്പു വര്‍ഷം കഴിയുമ്പോള്‍ ശരാശരി ചെലവ് കൂടുതല്‍ ഉയരും. ഈ വര്‍ഷം 1.79 ലക്ഷം കോടി രൂപ കവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2022-23 ല്‍ നാല് ശതമാനം കടമെടുപ്പ് അവകാശമുണ്ടായി രുന്നുവെങ്കിലും 2.5 ശതമാനം മാത്രമാണ് എടുക്കാന്‍ കേന്ദ്രം അനുവദിച്ചത്. 2023-24 ല്‍ 2.99 ശതമാനവും 2024-25 ല്‍ 3.5 ശതമാനവുമാണ് കടമെടുത്തത്. കൃത്യമായ മാനദണ്ഡത്തില്‍ നിന്നുകൊണ്ട്തന്നെ സംസ്ഥാനത്തിന്റെ ചെലവുകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ അടുത്ത സാമ്പത്തികവര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള ബജറ്റിലും കേരളത്തിന് അര്‍ഹതപ്പെട്ട ധനവിഹിതങ്ങള്‍ മാറ്റിവെച്ചിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. അടുത്ത വര്‍ഷം സംസ്ഥാനങ്ങള്‍ക്ക് 5 ലക്ഷം കോടിയോളം രൂപ അധികമായി വിഭജിച്ച് നല്‍കുമെന്നാണ് കേന്ദ്ര ബജറ്റില്‍ പറയുന്നത്. കേരളത്തിന് അര്‍ഹതപ്പെട്ട 2.9 ശതമാനം അംഗീകരിച്ചാല്‍ തന്നെ 14,000 കോടി രൂപയെങ്കിലും സംസ്ഥാന വിഹിതമായി കിട്ടേണ്ടതുണ്ട്. എന്നാല്‍ വെറും നാലായിരത്തോളം കോടി രൂപ മാത്രമാണ് ഇപ്പോള്‍ സംസ്ഥാനത്തിനായുള്ള വകയിരുത്തലുള്ളത്.
Also Read: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുവാൻ 10 മിഷനുകള്‍ക്ക് രൂപം നല്‍കി വനം വകുപ്പ്
ഈ സാഹചര്യത്തിലും സംസ്ഥാനത്തിന്റെ അവശ്യ ചെലവുകളെല്ലാം നിര്‍വ്വഹിച്ച് തന്നെയാണ് മുന്നോട്ടുപോകുന്നത്. കൂലി, വേതനം, സ്റ്റൈപന്റുകള്‍, സ്കോളര്‍ഷിപ്പുകള്‍, പെന്‍ഷനുകള്‍ ഉള്‍പ്പെടെയുള്ള ഒരാനുകൂല്യവും സംസ്ഥാനത്തിന്റെ സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി വെട്ടിക്കുറയ്ക്കുകയില്ല.
പദ്ധതി വെട്ടിക്കുറച്ചു എന്നതും പദ്ധതി ചെലവ് ഇല്ലെന്നുള്ളതും തികച്ചും അടിസ്ഥാനരഹിതമായ കാര്യമാണ്. ഫെബ്രുവരി ആദ്യമായപ്പോഴേക്കും മൊത്തം പദ്ധതി ചെലവ് 63%കഴിഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് 68 ശതമാനവും കടന്നിട്ടുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളെല്ലാം നിശ്ചയിച്ച രൂപത്തില്‍ തന്നെ പൂര്‍ത്തീകരിക്കാനാകും. ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടും കാല്‍നൂറ്റാണ്ടെങ്കിലും മുന്നില്‍ കണ്ടുമാണ് അടുത്ത സാമ്പത്തികവര്‍ഷത്തിലേക്കുള്ള പദ്ധതി പ്രവര്‍ത്തനത്തെ സമീപിച്ചിട്ടുള്ളത്. കേരളത്തെ കൂടുതല്‍ ശക്തമാക്കുന്നതും തൊഴിലവസരം വര്‍ദ്ധിപ്പിക്കാനുതകുന്നതും കാര്‍ഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളടക്കം ശക്തിപ്പെടുത്താനുതകുന്നതുമായ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
കേരളത്തില്‍ അങ്ങോളമിങ്ങോളം വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴക്കൂട്ടത്ത് കുറുക്കന്‍ കുന്നില്‍ ആരംഭിച്ച ഐ.ടി പാര്‍ക്ക് ഇന്ന് ലോകം വിസ്മയത്തോടെ നോക്കുന്ന ടെക്നോപാര്‍ക്കായി മാറിക്കഴിഞ്ഞു. തെക്ക് മുതല്‍ വടക്ക് വരെ ദേശീയപാതാ വികസനം അതിവേഗം മുന്നേറുന്നു. പശ്ചാത്തല സൗകര്യങ്ങളിലും വലിയ മാറ്റമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മികച്ച സ്കൂളുകളും കോളേജുകളും എല്ലായിടത്തും പ്രാപ്യമാകുന്നു. യൂറോപ്പിന് തുല്യമായ വിമാനത്താവള സാന്ദ്രതയും നമുക്കുണ്ട്. പുതിയ സംരംഭങ്ങള്‍ വ്യാപകമാകുന്നു. പുതുതലമുറ സംരംഭകത്വം വളര്‍ന്നുവരുന്നു. ലോകത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന വ്യവസായ സംരംഭങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്. സ്വകാര്യ സംരംഭകരെ വലിയ തോതില്‍ സംസ്ഥാനത്തേക്ക് ആകര്‍ഷിക്കാനുള്ള സാഹചര്യം രൂപപ്പെടുത്തിയെടുത്തു.
ഇതെല്ലാം പ്രയോജനപ്പെടുത്തുന്നതിനുതകുന്ന നിലയില്‍ സര്‍ക്കാരിന്റെയും സര്‍ക്കാര്‍-തദ്ദേശ സ്ഥാപനങ്ങളുടെയും മിച്ചഭൂമികള്‍ ഐ.ടി, നൂതനബിസിനസ് സംരംഭങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് കണ്ണൂര്‍, കൊല്ലം, കൊട്ടാരക്കര ഐ.ടി പാര്‍ക്കുകള്‍ ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. ഇവ പ്രായോഗികമാകുന്ന നിലയ്ക്ക് ഇത്തരത്തില്‍ സ്ഥലങ്ങള്‍ ലഭ്യമാകുന്ന സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ പ്രഖ്യാപിച്ച പദ്ധതികളുടെ നിര്‍മ്മാണവും പ്രവര്‍ത്തനം ആരംഭിക്കലും സമയബന്ധിതമായി തന്നെ നടപ്പാക്കും.
വിഴിഞ്ഞം തുറമുഖ പദ്ധതി അടക്കമുള്ള വന്‍കിട പദ്ധതികളെയെല്ലാം പൂര്‍ത്തീകരണത്തിലേക്കും പ്രവര്‍ത്തനത്തിലേക്കും എത്തിക്കാന്‍ കഴിഞ്ഞത് ഒന്നാം പിണറായി സര്‍ക്കാരിന്റെയും ഈ സര്‍ക്കാരിന്റെയും പ്രധാന നേട്ടമാണ്. വിഴിഞ്ഞം പദ്ധതിയുടെ എല്ലാ ഘടകങ്ങളും 2028-ല്‍ പൂര്‍ത്തീകരിക്കത്തക്ക രൂപത്തിലാണ് മുന്നേറുന്നത്. വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളുടെ പൂര്‍ത്തീകരണത്തിലൂടെയും എ.ഐയുടെ ഏറ്റവും ആധുനിക തലത്തിലുള്ള ജി.പി.യു ക്ലസ്റ്റര്‍, ജി.സി.സി പാര്‍ക്ക് തുടങ്ങിയ സാങ്കേതിക വിദ്യാ മുന്നേറ്റങ്ങളെ അവസരമാക്കിയും ലോകത്ത് ആകെ തൊഴില്‍ തേടുന്ന മലയാളികളെ കേരളത്തിലേക്ക് മടക്കിക്കൊണ്ട് വരിക എന്ന ബൃഹത്തായ സംരംഭവും ഈ ബജറ്റ് മുന്നോട്ടുവെയ്ക്കുന്നു.
തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിലവില്‍ സംസ്ഥാന പദ്ധതിയുടെ മൂന്നിലൊന്ന് ഭാഗത്തോളം തുക കൈമാറുന്നുണ്ട്. എന്നാല്‍, തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പണലഭ്യത ഉറപ്പാക്കാന്‍ മുനിസിപ്പല്‍ ബോണ്ട് അടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിനാണ് അര്‍ബന്‍ കമ്മീഷന്‍ രൂപീകരിക്കുന്നത്. കടല്‍ ക്ഷോഭ പ്രതിരോധത്തിനായി ജിയോട്യൂബ് സംവിധാനം ആവശ്യമായ എല്ലായിടത്തും വ്യാപിപ്പിക്കുന്നതിനായി മതിയായ തുക ഉറപ്പാക്കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സിയെ വിറ്റുതുലയ്ക്കണമെന്ന് അഭിപ്രായപ്പെട്ട മന്ത്രിയുണ്ടായിരുന്ന സംസ്ഥാനത്ത് കോര്‍പ്പറേഷനെ കൂടുതല്‍ സഹായിക്കുന്ന നിലപാടാണ് ബജറ്റില്‍ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ മുഴുവന്‍ മണ്ഡലങ്ങളെയും ഒന്നായി കണ്ടുകൊണ്ട് അവയ്ക്കെല്ലാം ഒരേ പരിഗണന നല്‍കിക്കൊണ്ട് പരമാവധി വികസനം ഉറപ്പാക്കുക എന്ന തന്ത്രമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചിട്ടുള്ളത്. എന്നാല്‍ ക്ഷേമപെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങളില്‍ വര്‍ദ്ധന വേണമെന്ന ആവശ്യമുണ്ട്. ക്ഷേമപെന്‍ഷനില്‍ കുടിശ്ശികയുള്ളത് ആദ്യം നല്‍കുകയും വര്‍ദ്ധന അതിനുശേഷം പരിഗണിക്കുക എന്നതുമാണ് സര്‍ക്കാര്‍ നിലപാട്. റബ്ബര്‍, നെല്ല്. ഉള്‍പ്പെടെയുള്ളവയുടെ തറവില വര്‍ദ്ധന അടക്കമുള്ളകാര്യങ്ങളും ഭാവിയില്‍ പരിഗണിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

