കലപിലാ മലയാളം പറയുന്ന ഷേക്സ്‌പിയറും ഗബ്രിയേൽ ഗാർഷ്യ മാർക്കേസും സത്യജിത് റേയും, പുസ്തകത്തിലെ കുറ്റാന്വേഷണ കഥകളിൽ നിന്നും അവധിയെടുത്ത് കേരളത്തിലെ തെരുവിൽ നടക്കാനിറങ്ങിയ ഷെർലക് ഹോംസും, കടലിൽ പോയി ദിവസങ്ങൾ കഴിഞ്ഞിട്ടും തിരിച്ചെത്താത്ത ‘സാന്തിയാഗോ’യെ കാത്തിരിക്കുന്ന ഏണസ്റ്റ് ഹെമിങ് വേയും, പൊലീസ് സ്റ്റേഷൻ അന്വേഷിച്ച് നടക്കുന്ന ദസ്തയോസ്കിയുടെ ‘റസ്‌കോൽ നികോഫും, കഥകളി കാണുന്ന ലേഡി മാക്ബത്തും – നിർമിത ബുദ്ധി അതിന്‍റെ ‘മാജിക്കൽ റിയലിസ്റ്റിക്’ ടച്ചിലൂടെ വൈറലാക്കിയിരിക്കുകയാണ് ഇത്തവണത്തെ കേരള സാഹിത്യ അക്കാദമിയുടെ സാർവദേശീയ സാഹിത്യോത്സവത്തിൻ്റെ ഭാഗമായ നവമാധ്യമ ക്യാമ്പയിൻ.
ഓഗസ്റ്റ് 17 മുതൽ 21 വരെ കേരളത്തിന്‍റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലാണ് കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്ര സാഹിത്യോത്സവം കൊടിയേറുന്നത്. ആശയങ്ങൾ കൊണ്ടും ആവിഷ്കാരം കൊണ്ടും വേറിട്ടുനിൽക്കുന്ന, ഏറ്റവും പുതുമയേറിയ ടൂളുകൾ കൊണ്ടൊരുക്കിയ ക്യാമ്പയിൻ വീഡിയോകൾ ഇതിനകം തന്നെ സാഹിത്യകുതുകികളുടെ ശ്രദ്ധ പിടിച്ചു പറ്റിക്കഴിഞ്ഞു.
ALSO READ; ‘ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം’; മുഖ്യമന്ത്രിക്ക് കൂടെയുള്ള സെല്‍ഫി പങ്കുവെച്ച് അഹാന
ലോകസാഹിത്യത്തിലെ വമ്പന്മാരെ നിർമിത ബുദ്ധി ഉപയോഗിച്ച് പുനർജനിപ്പിക്കാൻ മാത്രമല്ല, കേരളത്തിന്‍റെ സാഹിത്യാന്തരീക്ഷത്തിലേക്ക് അവരുടെ വാക്കുകളെ മാറ്റിയെഴുതാനും സാഹിത്യ അക്കാദമിക്ക് കഴിഞ്ഞിട്ടുണ്ട്. നന്നായി മലയാളം പറയുന്ന ഷേക്ക്സ്പിയറും മോണ്ടിക്രിസ്റ്റോ പ്രഭുവുമൊക്കെ നമ്മുടെ ശൈലി സംസാരത്തിൽ എടുത്തു പ്രയോഗിക്കുന്നത് കാണികളിൽ കൗതുകമുണർത്തും. വിശ്വസാഹിത്യത്തെ മലയാളീകരിക്കുന്നതിനൊപ്പം മലയാളി എഴുത്തുകാരുടെ ചിന്തകളും ഈ വീഡിയോകൾ പങ്കുവെക്കുന്നുണ്ട്.
പ്രമുഖ ഡിസൈനർ രാജേഷ് ചാലോടാണ് ഒന്നിലധികം എ ഐ ടൂളുകളുടെ സഹായത്തോടെ വീഡിയോകൾ തയ്യാറാക്കുന്നത്. സോഷ്യൽ മീഡിയയിൽ ധാരാളമായി കാണുന്ന എ ഐ വീഡിയോകളിൽ നിന്നും വേറിട്ട് നിൽക്കുന്ന ഒരു സിഗ്നേച്ചർ രീതിയിൽ വീഡിയോകൾ ക്രിയേറ്റ് ചെയ്യാനാണ് ശ്രമിച്ചതെന്ന് രാജേഷ് ചാലോട് പറയുന്നു. അതിന്റെ ഭാഗമായി പ്രക്രിയയുടെ ഓരോ ഘട്ടത്തിലും ഗൂഗിൾ വിയോ, മിഡ്ജേണി, അഡോബി പ്രീമിയർ തുടങ്ങിയ നിരവധി സംവിധാനങ്ങളും ടൂളുകളും ഉപയോഗിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
നിർമ്മിതബുദ്ധിയുടെ സാധ്യതകൾ ലഘുവായി ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിന്‍റെ പബ്ലിസിറ്റി വിഭാഗം പ്രവർത്തിക്കുന്നതെന്ന് സാഹിത്യ അക്കാദമി സെക്രട്ടറി പ്രൊഫ. സി പി അബൂബക്കർ പറയുന്നു. വിശ്വസാഹിത്യത്തിലെ ഏറ്റവും പ്രസിദ്ധമായ കൃതികളും സന്ദർഭങ്ങളും വായനക്കാർക്ക് ഹൃദ്യമായനുഭവപ്പെടുന്ന ലൈവ് ചിത്രീകരണങ്ങളാണ് പബ്ലിസിറ്റി വിഭാഗം തയ്യാറാക്കിയിട്ടുള്ളത്. ഐഎൽഎഫ്കെയുടെ രണ്ടാം എഡിഷന്‍റെ പ്രചാരണം ഏറ്റവും ആകർഷകമാക്കി മാറ്റാൻ ഈ എഐ ആവിഷ്കാരങ്ങൾക്ക് കഴിയുന്നതായും അദ്ദേഹം പറയുന്നു.
കൂടുതൽ ആളുകളിലേക്ക് ചെലവ് ചുരുക്കി സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൻ്റെ വിശേഷങ്ങൾ എത്തിക്കണം എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്ന ആശയമാണ് ഈ എഐ വീഡിയോകളെന്ന് സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ സച്ചിദാനന്ദൻ പറഞ്ഞു. കൂടുതൽ ആളുകളിലേക്ക് ചെലവ് ചുരുക്കി സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിൻ്റെ വിശേഷങ്ങൾ എത്തിക്കണം എന്ന ചിന്തയിൽ നിന്ന് ഉരുത്തിരിഞ്ഞ് വന്ന ആശയമാണ് ഈ എഐ വീഡിയോകളെന്ന് സാഹിത്യ അക്കാദമി പ്രസിഡന്‍റ് കെ സച്ചിദാനന്ദൻ പറഞ്ഞു. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. വരുംകാലത്ത് മറ്റ് സാഹിത്യോത്സവങ്ങളിലും ഈ രീതി പരീക്ഷിക്കാൻ ആളുകൾ തയ്യാറായേക്കുമെന്നും അദ്ദേഹം പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

