പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനും ദുരിതങ്ങൾക്കും വിരാമമിട്ട് പെരുമ്പളം പാലം യാഥാർഥ്യമായപ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ തരുണും എത്തി. മുപ്പത് വർഷങ്ങൾക്ക് മുമ്പ് തന്റെ അമ്മയെ പ്രസവവേദനയോടെ വഞ്ചിയിൽ ആശുപത്രിയിലേക്ക് എത്തിച്ച ആ പഴയ കഥയാണ് തരുണിന് ഓർമ്മിക്കാനുള്ളത്.
അന്ന് ഒരു രാത്രിയിലാണ് തരുണിന്റെ അമ്മയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ആംബുലൻസോ വാഹനങ്ങളോ ഇല്ലാതിരുന്ന അക്കാലത്ത്, അവരെ ഒരു കസേരയിൽ ഇരുത്തി ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കടവ് വരെ ചുമന്നു കൊണ്ടുപോയി. വഞ്ചിയിൽ ആ കസേര ഉറപ്പിച്ചു നിർത്തിയാണ് യാത്ര തുടർന്നത്.
വായാട് ചെട്ടിയിൽ നിന്ന് പൂത്തോട്ട ചെട്ടിയിലേക്കുള്ള ആ യാത്രയിൽ പങ്കായങ്ങൾ രണ്ടെണ്ണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ കരയിൽ നിന്നിരുന്നവർ ഒരു തെങ്ങുമടൽ വെട്ടിയെടുത്ത് അതുകൂടി ഉപയോഗിച്ച് തുഴഞ്ഞാണ് പ്രസവവേദന കൊണ്ട് പുളയുന്ന തൻ്റെ അമ്മയുമായി മറുകരയിലെത്തിയത്. അവിടെ നിന്ന് വാഹനത്തിൽ തൃപ്പൂണിത്തുറയിലെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കുട്ടി ജീവനോടെയുണ്ടാകുമോ എന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയായിരുന്നു.
എങ്കിലും അമ്മയും കുഞ്ഞും ഇപ്പോഴും സുഖമായി ഇരിക്കുന്നു. ആ കുട്ടി ഇന്ന് 30 വയസ്സുള്ള, കണ്ണൂരിൽ ജോലി ചെയ്യുന്ന യുവാവാണ്. ആ കുട്ടിയാണ് താനെന്ന് തരുണ്‍ പറയുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ കാലത്ത് പാലത്തിനായി ആദ്യമായി സർവ്വേ തുടങ്ങിയ കാലം മുതൽ തരുണിന്റെ വീട്ടിലെ നിത്യസംസാരവിഷയമാണ് ഈ ജനനകഥ.
ഈ ദ്വീപിൽ ആളുകൾ താമസിക്കാൻ തുടങ്ങിയ കാലം മുതൽ അനുഭവിക്കുന്ന ആയിരക്കണക്കിന് ദുരിതകഥകളിൽ ഒന്നുമാത്രമാണിതെന്ന് നാട്ടുകാർ പറയുന്നു. പുതിയ പാലം ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ ആ ദുരിതത്തിന് അവസാനമായിരിക്കുന്നുവെന്ന് തരുണ്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

