
ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്‌സഭയില്‍ കൊണ്ടുവന്ന ഒരു ബില്‍ ആണ് ഇന്ന് സംസാരവിഷയം. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ സ്ഥാനത്തുനിന്ന് പുറത്താക്കുന്നതാണ് ഈ ബില്‍. കേള്‍ക്കുമ്പോള്‍ ഒരു രസമൊക്കെയുണ്ടെങ്കിലും, ഇത് യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത് ജനാധിപത്യധ്വംസനമാണെന്ന കാര്യം എത്രപേര്‍ക്ക് മനസിലായിട്ടുണ്ടാകും?
ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പിക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെയാണെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാണിക്കുന്നു. ഇ.ഡി പോലെയുള്ള കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷങ്ങളെ വേട്ടയാടാന്‍ തുനിഞ്ഞിറങ്ങിയ കാലഘട്ടമാണിതെന്ന് ഓര്‍ക്കണം. അതുകൊണ്ടുതന്നെ ഈ ഭേദഗതി ബില്‍ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാകുമെന്നും ബ്രിട്ടാസ് പറയുന്നു.
പ്രധാനമന്ത്രി, മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകളുണ്ടെങ്കില്‍, ഒരു മാസമെങ്കിലും ജയില്‍ ശിക്ഷ നേരിട്ടിട്ടുണ്ടെങ്കില്‍ അവരെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്നതിനുള്ള മൂന്ന് ബില്ലുകളാണ് ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചത്.
എന്നാല്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ട് പ്രതിപക്ഷ സംസ്ഥാനങ്ങള്‍ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങള്‍ പലതരത്തില്‍ കേന്ദ്രം തുടര്‍ന്നുകൊണ്ടിരിക്കുന്നു. സംസ്ഥാന നിയമസഭകള്‍ പാസാക്കുന്ന ബില്ലുകള്‍ക്ക് അംഗീകാരം നല്‍കാതെയും, സര്‍വകലാശാലകളില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍മാര്‍ നടത്തുന്ന രാഷ്ട്രീയ ഇടപെടലുകളും നമ്മള്‍ കാണുന്നത്. അതിനെല്ലാം പുറമെയാണ്, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ ലക്ഷ്യമിട്ടുകൊണ്ടുള്ള പുതിയ നിയമഭേദഗതിയുമായി കേന്ദ്രം രംഗത്തെത്തുന്നത്. കേന്ദ്രത്തിന്റെ കുടില നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് പുതിയ ബില്ല്. ജനാധിപത്യം സംശുദ്ധമാക്കുമെന്ന പ്രഖ്യാപനത്തോടെ കേന്ദ്രം അവതരിപ്പിക്കുന്ന ഈ മാരകബില്‍, രാജ്യത്ത് ജനാധിപത്യത്തിന് മരണമണി മുഴക്കും.
അതേസമയം ഈ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിലപാട് നിര്‍ണായകമാണ്. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കണമെന്ന് സുപ്രീം കോടതിയില്‍ അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇത് ജനപ്രാതിനിധ്യ നിയമത്തിലെ നിലവിലെ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്നതാണ്. നിലവില്‍, രണ്ട് വര്‍ഷമോ അതിലധികമോ തടവുശിക്ഷ ലഭിച്ചാല്‍ ആറ് വര്‍ഷത്തേക്ക് മാത്രമേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുള്ളൂ. പുതിയ ബില്ലുകള്‍ ഈ വ്യവസ്ഥകളില്‍ എന്ത് മാറ്റമാണ് വരുത്തുന്നത് എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
പുതിയ ബില്ലുകള്‍ പ്രാബല്യത്തില്‍ വന്നാല്‍, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും മന്ത്രിമാരെയും വേട്ടയാടാന്‍ കേന്ദ്രം ശ്രമിച്ചേക്കും. അതുകൊണ്ടുതന്നെ ഈ ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ ജനാധിപത്യവാദികള്‍ രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ഈ നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിരോധം ഉയര്‍ത്തുമെന്ന കാര്യത്തിലും സംശയമില്ല. വോട്ടേഴ്‌സ് ലിസ്റ്റിലെ ക്രമക്കേടിനെതിരെ ഒരുമിച്ച് നീങ്ങുന്ന പ്രതിപക്ഷം, കേന്ദ്രത്തിന്റെ പുതിയ നീക്കത്തെയും എല്ലാ രീതിയിലും ചെറുക്കും. ഏതായാലും പുതിയ ബില്ലിന്റെ വിശദാംശങ്ങള്‍ പുറത്തുവരുമ്പോള്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ പ്രത്യാഘാതങ്ങള്‍ വ്യക്തമാവുകയുള്ളൂ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

