കഴിഞ്ഞ കുറേ കാലമായി മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിനെയും സംഘിയായി ചിത്രീകരിക്കുന്ന പണി, ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും മുസ്ലീം ലീഗുകാരും സോഷ്യൽ മീഡിയ വഴിയും അല്ലാതെയും എടുത്തുകൊണ്ടിരിക്കുകയാണ്. വർഗീയ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയനേട്ടമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് മുതൽ ജമാഅത്തെ ഇസ്ലാമിയെ ഒപ്പംകൂട്ടിക്കൊണ്ട് ആ പ്രചാരണത്തിന് ചുക്കാൻ പിടിക്കാൻ തുടങ്ങിയതാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രി ആർഎസ്എസിന്‍റെ വഴിയിലാണെന്ന സതീശന്‍റെ പ്രസ്താവന ആരെയും ചിരിപ്പിക്കുന്ന ഒന്നാണ്.
എന്നാൽ മലർന്നുകിടന്ന് തുപ്പുകയാണ് എല്ലാ പഠിച്ചുപറയുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഈ പച്ചനുണ പടച്ചുവിടുന്നതിലൂടെ ചെയ്യുന്നത്. പ്രതിപക്ഷ നേതാവിന്റെ പാർലമെന്ററി ജീവിതം തന്നെ ആർഎസ്എസിന്റെ ദാനമാണ്. ഇക്കാര്യം കഴിഞ്ഞദിവസം തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷ് എണ്ണിയെണ്ണി പറഞ്ഞു. 2001ലും 2006ലും പറവൂരിൽ നിന്ന് ആർഎസ്എസ് നേതാക്കളെ കണ്ട് ചർച്ച നടത്തി പിന്തുണ വാങ്ങിയാണ് സതീശൻ നിയമസഭയിലേക്ക് ജയിച്ചത് എന്ന് ആർഎസ്എസ് തന്നെ പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഇതുവരെ നിഷേധിക്കാനോ തള്ളി പറയാനോ വി.ഡി സതീശൻ തയ്യാറായിട്ടില്ല.
ആർഎസ്എസിന്റെ താത്വിക ആചാര്യനാണ് ഗോൾവാൾക്കർ. വിചാരധാര എഴുതിയ, കമ്മ്യൂണിസ്റ്റുകാരെയും മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഇന്ത്യയിൽ നിന്ന് ഉന്മൂലനം ചെയ്യേണ്ട മൂന്ന് ശത്രുക്കളാണ് എന്ന് നിർവചിച്ച ആ ഗോൾവാൾക്കറിന്റെ ജന്മശതാബ്ദിയിൽ അദ്ദേഹത്തിൻറെ ചിത്രത്തിന്റെ മുമ്പിൽ പോയി വിളക്കുകൊളുത്തി താണു വണങ്ങിയ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആക്ഷേപിക്കരുത്. ഈ ചരിത്രമൊക്കെ നമ്മുടെ മുന്നിൽ നിൽക്കുമ്പോഴാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ പാർലമെന്ററി ജീവിതത്തിന് അദ്ദേഹം ആജീവനാന്തം ആർഎസ്എസിനോട് കടപ്പെട്ടിരിക്കുന്നു.
എന്നാൽ പിണറായി ഉൾപ്പെടെയുള്ള ഓരോ കമ്മ്യൂണിസ്റ്റുകാരന്റെയും ജീവിതം ആർഎസ്എസിനഎതിരായ നിതാന്തമായ പോരാട്ടത്തിന്റെതാണ്. തലശ്ശേരി കലാപകാലം മുതൽ ആർഎസ്എസ്സിനെതിരെ നേർക്കുനേരെ നിന്ന് പൊരുതിയവരാണ് പിണറായിയും കമ്മ്യൂണിസ്റ്റുകാരും ഒക്കെ. തലശേരി കലാപത്തെക്കുറിച്ച് അന്വേഷിച്ച വിതയത്തിൽ കമ്മീഷൻ റിപ്പോർട്ട് ഒന്നെടുത്ത് വായിച്ചു നോക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാവണം. അതിൽ പറയുന്നുണ്ട് ആരാണ് തലശ്ശേരി കലാപകാലത്ത് ആർഎസ്എസിൽ നിന്ന് ന്യൂനപക്ഷങ്ങളെ സംരക്ഷിച്ചത് എന്ന്. മാറാട്ട് സ്വന്തം മന്ത്രിസഭയിലെ മന്ത്രിയായ കുഞ്ഞാലിക്കുട്ടിയെ ആർഎസ്എസിന്റെ ഭീഷണിക്ക് വഴങ്ങി ഗസ്റ്റ് ഹൗസിൽ ഇരുത്തി ആർഎസ്എസ് പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചാണ് അന്നത്തെ മുഖ്യമന്ത്രി എ കെ ആന്റണി മാറാർ കലാപസ്ഥലത്ത് പോയത്. ആ തിട്ടൂരത്തിന് വഴങ്ങാതെ വികെസി മമ്മദിനെ ഉൾപ്പടെ ഒപ്പം കൂട്ടിയാണ് പിണറായി വിജയൻ പോയത്.
Also Read- മുണ്ടക്കൈ – ചൂരൽമല ദുരന്തം; ദുരന്തബാധിതരെ സഹായിക്കാൻ ചില്ലിക്കാശ് പോലും നൽകാതെ കോൺഗ്രസും ബി ജെ പിയും
അതുപോലെ എത്ര അനുഭവങ്ങൾ പറയാൻ കഴിയും? ആ മുഖ്യമന്ത്രിയെ കുറിച്ച് ഇങ്ങനെ പറയുന്നത്. വി.ഡി സതീശൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വത്തെ വലയം ചെയ്തിരിക്കുന്നത് മുഴുവൻ ആരാ? ശശി തരൂരിനെ ഒപ്പം കൂട്ടി ചിരിച്ചു നിൽക്കുന്ന ഒരു പടം കണ്ടു. വയനാട്ടിലെ ക്യാമ്പിൽ ശശി തരൂർ കോൺഗ്രസ് ആണോ ബിജെപി ആണോ എന്ന് ആർക്കെങ്കിലും വല്ല നിശ്ചയമുണ്ടോ? ഒരു ഭാഗത്ത് വിളക്കു കൊളുത്തിയവർ, ശാഖക്ക് കാവൽ നിന്നവർ മറുഭാഗത്ത്, മോദിക്ക് സ്തുതി പാടുന്ന, ശശിതരൂർ വേറൊരു ഭാഗത്ത്. പ്രവർത്തക സമിതി അംഗങ്ങളായ ദിഗ്വിജയ സിംഗ്, സൽമാൻ ഖുർഷിദ് ഇവരെല്ലാം പറഞ്ഞത് കണ്ടതല്ലേ. ആ പ്രവർത്തക സമിതി നയിക്കുന്ന പാർട്ടിയുടെ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശൻ എന്ന് അദ്ദേഹം മറക്കണ്ട. എന്നിട്ട് ഇങ്ങനെ പറയണമെങ്കിൽ അസാമാന്യമായിട്ടുള്ള ചങ്കുറ്റം തന്നെ വേണം.
മറ്റത്തൂരിൽ ഇപ്പോഴും കോൺഗ്രസും ബിജെപിയും ഒരുമിച്ചാ നിൽക്കുന്നത്. മറ്റത്തൂരിൽ മാത്രമല്ല മഹാരാഷ്ട്രയിൽ കോൺഗ്രസ് കൗൺസിലർമാർ മുഴുവൻ പോയി ബിജെപിയിൽ ചേർന്നു. ആരെ തോൽപ്പിക്കാൻ? കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ ശിവസേനയെ തോൽപ്പിക്കാൻ. മഹാരാഷ്ട്ര മുതൽ മറ്റത്തൂർ വരെ, പ്രവർത്തക സമിതി മുതൽ പഞ്ചായത്ത് മണ്ഡലം കമ്മിറ്റി വരെ, കോൺഗ്രസ് ഏതാ ബിജെപി ഏതാന്ന് തിരിച്ചറിയാൻ പറ്റാത്ത നിലയിൽ. അത് താനല്ലയോ ഇത് എന്ന് വർണത്തിൽ ആശങ്ക എന്ന് പറയില്ലേ അതാണ് കോൺഗ്രസിന്റെ സ്ഥിതി. ശശി തരൂരിനെയും ഒപ്പം നിർത്തിയിട്ട്, സൽമാൻ ഖുർഷിദിനെയും ദിഗ്വിജയ സിംഗിനെയും ഒപ്പം നിർത്തിയിട്ട്, ശാഖ്ക്ക് കാവൽ നിന്നയാളെ ഒപ്പം നിർത്തിയിട്ട്, ഗോൾവാൾക്കറിന്റെ ചിത്രത്തിന്റെ മുമപിൽ വിളക്കുകൊളുത്തിയ ആൾ മുഖ്യമന്ത്രിയെ ആക്ഷേപിക്കുകയാണ്. എന്ത് പരിഹാസ്യമായിട്ടുള്ള കാര്യമാണത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

