
വി ഡി സതീശന് വേണ്ടി കൊല്ലത്ത് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചു. മൺറോതുരുത്തിലാണ് ഫ്ലക്സ് ബോർഡുകൾ വച്ചത്. പട നയിച്ചവൻ കേരളം നയിക്കട്ടെ എന്ന് ആണ് ഫ്ലക്സ് ബോർഡിലെ വാചകം. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൺറോതുരുത്ത് മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡ് ഉയർന്നിരിക്കുന്നത്. വൈകുന്നേരത്തോടെ കൂടുതൽ ബോർഡുകൾ സ്ഥാപിക്കും എന്ന് പ്രവർത്തകർ പറയുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നേതാക്കളുടെ പേരിൽ ഫ്ളക്സ് ബോർഡുകൾ ഉയരുന്നുണ്ട്. കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവരുടെ പേരിലാണ് കൂടുതൽ ഫ്ളക്സുകൾ ഉയരുന്നത്. ഇവർക്കെതിരെയും പ്രവർത്തകർ ഫ്ളക്സ് വെക്കുന്നുണ്ട്. എന്നാൽ കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് ഹൈക്കമാൻഡാണെന്നും അതിന് സോഷ്യൽ മീഡിയ പ്രചരണങ്ങളോ ഫ്ലക്സ് ബോർഡുകളോ മാനദണ്ഡമല്ലെന്നും ആണ് രമേശ് ചെന്നിത്തല പറയുന്നത്.
ALSO READ: ‘കേരളത്തിന്റെ സ്പന്ദനം അറിയുന്നവൻ കേരളം നയിക്കട്ടെ’; രമേശ് ചെന്നിത്തലയ്ക്കായി പത്തനംതിട്ടയിൽ ഫ്ലക്സ്
വി ഡി സതീശനായി സൈബർ ഇടങ്ങളിൽ വലിയ രീതിയിലുള്ള പ്രചരണങ്ങൾ നടക്കുന്നതിനിടെ ഇന്ന് രമേശ് ചെന്നിത്തല ദില്ലിയിൽ എത്തിയിരുന്നു. സതീശനെ ലക്ഷ്യം വെച്ചുള്ള കൃത്യമായ ഒളിയമ്പായാണ് രാഷ്ട്രീയ വൃത്തങ്ങൾ ഈ പ്രതികരണത്തെ കാണുന്നത്. ഫ്ലെക്സ് വെക്കാനും സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്താനും എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ കോൺഗ്രസിന്റെ നേതൃത്വത്തെ തീരുമാനിക്കുന്നത് ഇത്തരം സമ്മർദ്ദങ്ങൾ നോക്കിയല്ല. ഹൈക്കമാൻഡ് എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ എന്നും ചെന്നിത്തല ഓർമ്മിപ്പിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

