സംസ്ഥാനങ്ങള്‍ വാക്‌സിന്‍ നേരിട്ടു സംഭരിക്കണമെന്നത് അപ്രതീക്ഷിത ദുരന്തമെന്ന് എം.വി. ശ്രേയാംസ് കുമാര്‍

സംസ്ഥാനങ്ങള്‍ നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ടു സംഭരിക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നയം അപ്രതീക്ഷിത ദുരന്തമാണെന്ന് ലോക്താന്ത്രിക് ജനതാദള്‍ നേതാവും രാജ്യസഭാംഗവുമായ എം.വി.ശ്രേയാംസ് കുമാര്‍. വാക്‌സിന്‍ നയം പുനഃപ്പരിശോധിക്കണമെന്നും കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്ന കേരളത്തിന് 50 ലക്ഷം ഡോസ് വാക്‌സിന്‍ ഉടന്‍ അനുവദിക്കണമെന്നും ശ്രേയാംസ് കുമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതിയ കത്തില്‍ അഭ്യര്‍ഥിച്ചു.

വാക്‌സിന്‍ നിര്‍മാതാക്കള്‍ ഉത്പാദനത്തിന്റെ 50 ശതമാനം കേന്ദ്രസര്‍ക്കാരിനും ബാക്കി 50 ശതമാനം സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കണമെന്ന നിര്‍ദേശം പ്രതിലോമകരമാണ്. കേരളമിപ്പോള്‍ കടുത്ത വാക്‌സിന്‍ ക്ഷാമമാണ് നേരിടുന്നത്.

50 ലക്ഷം വാക്‌സിന്‍ വേണ്ടിടത്ത് 5.50 ലക്ഷം വാക്‌സിനാണ് ലഭിച്ചത്. 11 ശതമാനം മാത്രം. വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നിര്‍ത്തിവെക്കാന്‍ സംസ്ഥാനം നിര്‍ബന്ധിതമായി. കേന്ദ്ര ധനമന്ത്രി ബജറ്റു പ്രസംഗത്തില്‍ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ആറു നെടുംതൂണുകളിലൊന്നായി പറഞ്ഞത് ആരോഗ്യവും ക്ഷേമവുമാണ്.

2021-22 ബജറ്റ് എസ്റ്റിമേറ്റില്‍ 35,000 കോടി രൂപ കോവിഡ് വാക്‌സിനായും നീക്കിവെച്ചു. ഈ വകയിരുത്തല്‍ മഹാമാരിയെ അവസാനിപ്പിക്കുമെന്നും സാമ്പത്തിക കരകയറ്റം സാധ്യമാക്കുമെന്നുമാണ് കരുതിയത്. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കല്‍ ഭരണഘടനാബാധ്യതയാണെന്ന കാര്യം മറന്ന്, ആരോഗ്യവും ക്ഷേമവും പ്രഖ്യാപിച്ച് 77 ദിവസത്തിനകം സംസ്ഥാനങ്ങളോടുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് കേന്ദ്രം മലക്കം മറിഞ്ഞിരിക്കയാണ്.

ഒരു നിര്‍മാതാവിപ്പോള്‍ വാക്‌സിന്‍ ഡോസിന് 150 രൂപയാണ് വാങ്ങുന്നത്. മേയ് ഒന്നുമുതല്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അത് 400-ഉം സ്വകാര്യമേഖലയ്ക്ക് 600-ഉം രൂപ ആവും. ഉത്പാദന അളവ് വന്‍തോതില്‍ വര്‍ധിക്കുമ്പോള്‍ എങ്ങിനെയാണിത്രയും വില കൂടുന്നതെന്നതാണ് പ്രധാന ചോദ്യം. പരമ്പരാഗത സാമ്പത്തിക നിര്‍മാണ സിദ്ധാന്തങ്ങള്‍ പ്രകാരം നിലവിലുള്ള സൗകര്യങ്ങള്‍ മാത്രം ഉപയോഗിച്ച് നിര്‍മാണം വന്‍തോതില്‍ കൂടുമ്പോള്‍ വില കൂടാന്‍ പാടില്ല.

അമേരിക്കയിലും ഇംഗ്ലണ്ടിലും യൂറോപ്യന്‍ രാജ്യങ്ങളിലും അടക്കം ഇതേ വാക്‌സിന് ഉത്പാദന സൗഹചര്യമനുസരിച്ച് 150-ഉം 300-ഉം രൂപയാണ് വില. നമ്മുടെ കുറഞ്ഞ ഉത്പാദനച്ചെലവു കാരണം ദരിദ്രരാജ്യങ്ങള്‍ക്ക് നാം വാക്‌സിന്‍ കൊടുക്കുന്നുണ്ടെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. എന്നിട്ടും വികസിത രാജ്യത്തേക്കാള്‍ കൂടുതല്‍ വില നമ്മുടെ രാജ്യത്ത് വാക്‌സിന് ഈടാക്കുന്നത് വിശ്വസിക്കാനാവുന്നില്ല.

18 വയസ്സിനുമുകളിലുള്ള 91 കോടി പേര്‍ക്കാണ് ഇന്ത്യയില്‍ വാക്‌സിന്‍ നല്‍കേണ്ടത്. എല്ലാവര്‍ക്കും രണ്ട് എന്ന കണക്കില്‍ 182 കോടി ഡോസ് വേണം. ബജറ്റു വിഹിതമായ 35,000 കോടി ഉപയോഗിച്ച് 200 രൂപ നിരക്കില്‍ വാക്‌സിന്‍ വാങ്ങി എല്ലാവര്‍ക്കും എളുപ്പം സൗജന്യമായി ഇതു നല്‍കാവുന്നതേയുള്ളൂ. സംസ്ഥാന സര്‍ക്കാരുകള്‍ സാമ്പത്തികമായി വളരെയധികം പ്രയാസം അനുഭവിക്കുമ്പോള്‍ അവരില്‍ കൂടുതല്‍ ഭാരം വാക്‌സിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കുന്നത് താങ്ങാനാവില്ലെന്ന് ശ്രേയാംസ് കുമാര്‍ കത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News