പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ്‌ നേതാവ് അറസ്റ്റിൽ.കോതമംഗലം പോത്താനിക്കാട് സ്വദേശി റിയാസാണ് അറസ്റ്റിലായത്.15 കാരിയെ മാസങ്ങളോളം പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

പോത്താനിക്കാട് പഞ്ചായത്തിലെ യൂത്ത് കോൺഗ്രസ് നേതാവും യൂത്ത് കെയർ പ്രവർത്തകനുമായ  പുളിന്താനം ലക്ഷം വീട് കോളനി എടശ്ശേരികുന്നേൽ റിയാസിനെതിരെ പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റുണ്ടായത്.

15 വയസ്സുള്ള പെൺകുട്ടിയെ  കഴിഞ്ഞ ഏതാനും മാസങ്ങളായി ഇയാൾ നിരന്തരം  പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ദിവസങ്ങൾക്കു മുൻപ് ശാരീരിക ആസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ പ്രതിയായ റിയാസും യൂത്ത് കോൺഗ്രസ്‌ ജില്ല നേതാവും ചേർന്ന് മൂവാറ്റുപുഴയിലെ  സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും വ്യാജ വിലാസവും വയസ്സും നൽകി ഗുളികകൾ വാങ്ങി കൊടുക്കുകയും ചെയ്തതായും പോലീസിന് വിവരം ലഭിച്ചിരുന്നു.

കടുത്ത മനസിക സംഘർഷത്തിലായ  പെൺകുട്ടി ഇക്കാര്യം അടുത്ത ബന്ധുക്കളോട്  പറഞ്ഞു. ഇതറിഞ്ഞ റിയാസും യൂത്ത് കോൺഗ്രസ്‌ ജില്ലാ നേതാവും ചേർന്ന് ബന്ധുക്കളെ  ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പോലീസ് റിയാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇയാൾ പെൺകുട്ടിയെ ഭയപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കിയതിനു ശേഷം അത് മറ്റുള്ളവർക്ക് അയച്ചു കൊടുക്കും എന്നു പറഞ്ഞും ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പിന്നീട് ഗർഭിണിയായ പെൺകുട്ടിക്ക് ഇയാള്‍ അബോർഷൻ ഗുളികകൾ നൽകി ഗർഭം അലസിപ്പിക്കുകയും ചെയ്തതായും വ്യക്തമായി. അറസ്റ്റിനെത്തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here