രാജ്യസഭയിലും ലോക്സഭയിലും ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കി കേന്ദ്രം; സഭയിൽ അരങ്ങേറുന്നത് ജനാധിപത്യ വിരുദ്ധ നടപടി

രാജ്യസഭയിലും ലോക്സഭയിലും ചർച്ചകളില്ലാതെ ബില്ലുകൾ പാസാക്കി കേന്ദ്രസർക്കാർ. പ്രതിപക്ഷ പ്രതിഷേധങ്ങളുടെ മറവിലാണ് ചർച്ച നടത്താതെ കേന്ദ്രസർക്കാർ ബില്ലുകൾ പാസാക്കുന്നത്. അതേസമയം ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് ബില്ലിന്മേൽ സംസാരിക്കാനുള്ള തന്റെ അവകാശം രാജ്യസഭാ ഉപാധ്യക്ഷനോട് ജോണ്‍ ബ്രിട്ടാസ് എംപി ചോദിച്ചു വാങ്ങിയെങ്കിലും സംസാരിക്കാൻ അനുവദിക്കാത്ത ജനാധിപത്യ വിരുദ്ധ നടപടിയാണ് സഭയിൽ അരങ്ങേറിയത്. ഇത്തരത്തിൽ പ്രതിപക്ഷ അംഗങ്ങൾക്ക് സംസാരിക്കാനുള്ള അനുമതി നൽകാതെ ഏറിയാൽ 5 മിനിറ്റ് കൊണ്ടാണ് സഭയിൽ ബില്ലുകൾ പാസാക്കുന്നത്.

പ്രതിപക്ഷ പ്രതിഷേധങ്ങൾക്കിടയിൽ ചർച്ചകൾ കൂടാതെ ബില്ലുകൾ പാസാക്കിയെടുക്കുകയെന്ന തന്ത്രമാണ് കേന്ദ്രസർക്കാർ ആവിഷ്കരിച്ചിരിക്കുന്നത്. രാജ്യസഭയിൽ 5ഓളം ബില്ലുകൾ പാസാക്കാൻ ആകെ എടുത്ത സമയം 25മിനിറ്റുകൾ മാത്രമാണ്. ബില്ലിന്മേൽ സംസാരിക്കാതെ മറ്റ് വിഷയങ്ങൾ സംസാരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സഭ അധ്യക്ഷന്മാർ പ്രതിപക്ഷ അംഗങ്ങൾക്ക് സംസാരിക്കാനും അനുമതി നിഷേധിക്കുന്നുണ്ട്.

ഇന്ന് രാജ്യസഭയിൽ ലിമിറ്റഡ് ലയബിലിറ്റി പാർട്ട്ണർഷിപ്പ് ബിൽ അവതരിപ്പിച്ചപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല. എന്നാൽ ജോണ്‍ ബ്രിട്ടാസ് എംപി ചർച്ചയിൽ പങ്കെടുക്കാനുള്ള തന്റെ സമയത്തിനായി വാദിക്കുകയും സമയം നേടിയെടുക്കുകയും ചെയ്തു. രാജ്യത്തെ കമ്പനികളെ നശിപ്പിച്ച കേന്ദ്രസർക്കാർ ജനാധിപത്യത്തെയും നശിപ്പിക്കുകയാണെന്ന വിമർശനം ഉന്നയിച്ചതോടെ സംസാരിക്കാനുള്ള അനുമതി നിഷേധിച്ചു അടുത്തയാളെ സംസാരിക്കാൻ വിളിച്ചു.

വർഷകാല സമ്മേളനം തുടങ്ങിയത് മുതൽ ഇതേ നിലപാട് തന്നെയാണ് ഇരു സഭകളിലും നടക്കുന്നത്. അതേ സമയം ചർച്ച ചെയ്യാൻ കഴിയാത്തത് പ്രതിപക്ഷത്തിന്റെ പ്രശ്നം കൊണ്ടാണെന്നും പ്രതിപക്ഷമാണ് അനാവശ്യമായി സഭ തടസ്സപ്പെടുത്തുന്നതെന്നുമാണ് ധനമന്ത്രി നിർമല സീതാരാമൻ വിമർശനം  ഉന്നയിച്ചത്.

ലോക്സഭയിലും സ്ഥിതി വ്യത്യസ്തമല്ല. കേന്ദ്രസർക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ പ്രതിഷേധവും ശക്തമാണ്. ബില്ലിന്മേൽ വോട്ടെടുപ്പ് ആവശ്യപ്പടുമ്പോൾ പോലും അംഗീകരിക്കാറില്ല. ഈ സമീപനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here