ജനങ്ങൾ ചില സമവാക്യങ്ങൾ ഉണ്ടാക്കിയെടുത്ത സന്ദർഭങ്ങളുണ്ട്; അതിലൊന്നാകും നിലമ്പൂരിലേത്

M Swaraj press meet

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ എം സ്വരാജുമൊത്തുള്ള നിരവധി അനുഭവങ്ങളാണ് ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത്. ഇത്തരത്തിൽ പങ്കുവെയ്ക്കപ്പെട്ടതിൽ ശ്രദ്ധേയമായ ഒരു പോസ്റ്റാണ് ജോഷി ജോസിന്റേത്. ലോ അക്കാദമിയിൽ ഒരുമിച്ചുള്ള കാലത്തെ പറ്റിയും ജോഷി ജോസ് പങ്കുവെയ്ക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

ഒരു യൂണിവേഴ്സിറ്റി മാർച്ചിൽ വെച്ചാണ് സ്വരാജിനെ ആദ്യമായി ശ്രദ്ധിക്കുന്നത്. അപ്പോൾ അയാൾ മലപ്പുറം ജില്ലാ ഭാരവാഹിയായിരുന്നു. അക്കാലത്ത് നോർത്തിൽ നിന്ന് ചിലർ വിസിമാരായി കാലിക്കറ്റിൽ വരിക പതിവായിരുന്നു. വീതം വെപ്പിലൂടെ ലീഗിനു കിട്ടുമ്പോൾ, അവർ കൊണ്ടുവരുന്നതാണ്. പൊതുവേ ഭരണകാര്യങ്ങളിലും കേരളത്തിൻ്റെ സാമൂഹികാവസ്ഥയെ കുറിച്ചും വലിയ പിടിപാടില്ലാത്തതിനാൽ, ലീഗ് ഭരണമായത് മാറാറാണ് പതിവ്. അതിൻ്റെ തുടർച്ചയിൽ സംഘർഷവും സ്വാഭാവികമാണ്. പതിവുപോലെ മാർച്ചവസാനിച്ചത് ലാത്തിച്ചാർജ്ജിലൂടെയായിരുന്നു. ആശുപത്രിയിൽ ചെന്നപ്പോൾ തലയിൽ തുന്നിക്കെട്ടുകളുമായി സ്വരാജവിടെയുണ്ടായിരുന്നു. കുറച്ചു നേരം കഥകളൊക്കെ പറഞ്ഞവിടെയിരുന്നതോർമ്മയുണ്ട്. അതിൽ പലതും ലാത്തിച്ചാർജ്ജ് ജോക്കുകളായിരുന്നു. ചില കാര്യങ്ങൾ എത്ര പ്രയാസമേറിയതാണെങ്കിലും, പതിവായാൽ പിന്നെ അതിൽ തമാശ കണ്ടെത്താൻ ശ്രമിക്കുമല്ലോ?

അക്കാലത്ത് ,പൊതുവേ, മലപ്പുറത്തു നിന്നുള്ള ഭാരവാഹികൾ സരസന്മാരായിരുന്നു. എന്നാൽ അത് SFI ക്കാരുടെ പൊതു പ്രകൃതമായിരുന്നില്ല. സംഘർഷവും അലച്ചിലും കൂടിച്ചേർന്ന് അനിശ്ചിതത്വമാർന്ന ഒരു ജീവിതമായിരുന്നു പലരുടേയും. പോഷകാഹാരക്കുറവും, താടിയും,ഏക ശീലമായ പുകവലിയും ഒക്കെ ചേർന്ന് ,ടെറർ ലുക്കിലായിരുന്നു പലരും. പഴയ ഫോട്ടോകൾ കാണുമ്പോഴത് മനസ്സിലാകും. എന്നാൽ സ്വരാജ് അതിൽ നിന്ന് വ്യത്യസ്ഥനായിരുന്നു. കാഴ്ചയിൽ മാത്രമല്ല, ആള് സൗമ്യനായിരുന്നു. വർഷങ്ങൾ ചിലത് കഴിഞ്ഞപ്പോൾ, സ്റ്റേറ്റ് സെൻ്ററിൻ്റെ ഭാഗമായി തിരുവനന്തപുരത്തേക്ക് പ്രവർത്തന കേന്ദ്രം മാറി. സ്വരാജും അപ്പോൾ അവിടേക്കെത്തിയിരുന്നു. ലോ അക്കാദമിയിൽ ഞങ്ങൾ അഡ്മിഷനെടുക്കുന്നതും ഒരുമിച്ചാണ്. അതോടെ പോക്കും വരവും ഒരുമിച്ചായി. താമസം SFI ഓഫീസിലും. ക്ലാസിൽ സ്ഥിരമായി പോക്കില്ലാത്തതിനാൽ സന്തോഷ് കുമാർ സാറിൻ്റെ അടുത്ത് ട്യൂഷനും പോയിരുന്നു. അക്കാലത്താണ് സ്വരാജിനെ കുറച്ചു കൂടി അടുത്തറിയുന്നത്. നേരം വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്ന ദിനചര്യ.

Also Read: എം സ്വരാജിനെ വിജയിപ്പിച്ചാൽ നിങ്ങൾക്ക് ദുഃഖിക്കേണ്ടി വരില്ല; തൃപ്പൂണിത്തുറക്കാരുടെ അനുഭവം

ഉണർന്നാൽ മണിക്കൂറുകളെടുത്ത് പത്രങ്ങൾ അരിച്ചു പെറുക്കും. അതുകൊണ്ടുതന്നെ ഭക്ഷണം ബ്രഞ്ചാവാറാണ് പതിവ്. ചരിത്രസംഭവങ്ങളെയും വ്യക്തികളുടെ പേരും ഉൾപ്പടെ ഓർത്തു വെക്കും. അസാമാന്യ ഓർമ്മശക്തിയോടെ ഓർത്തെടുക്കാനും കഴിയും. സർഗ്ഗാത്മകതയുള്ളവരിൽ പൊതുവേ കാണാറുള്ള ഒരു തരം ലേസിനസ്സ് അയാളിലും കണ്ടിട്ടുണ്ട്. അതിനൊരാവരണമായി അന്തർമുഖത്വവും! എന്നാൽ ഉള്ളിലൊരു തീയുണ്ടെന്ന് അറിയാമായിരുന്നു. അവസരവും സാഹചര്യവും ഒത്തുചേർന്ന സന്ദർഭങ്ങളിലെല്ലാം അയാളിൽ നിന്നത് പുറത്തു ചാടുക തന്നെ ചെയ്യാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അതിനൊരു സൗന്ദര്യമുണ്ടായിരുന്നു.

പിന്നീടുണ്ടായത് ചരിത്രം. SFI, DYFI, സംസ്ഥാന ഭാരവാഹിയായും പൊതുയോഗങ്ങളിലും, ചാനൽചർച്ചകളിലുമായത് നാം കണ്ടതാണ്. അനറ്റോളിയെന്നു പേരായ ഒരു പവർ ലിഫ്റ്ററുണ്ട് . ആള് കാണാൻ വലിയ ശരീരമൊന്നുമില്ല . പക്ഷേ വലിയ മസിൽമാൻമാരുടെ വെയ്റ്റൊക്കെ , ഒറ്റക്കൈ കൊണ്ടുയർത്തി, അവരുടെ ഈഗോ തകർത്തുകളയും. അതുപോലെ സൗമ്യനും ശാന്തനുമായി, ബഹുമാനം എതിരാളിക്ക് വാരി വിതറിക്കൊണ്ടു തന്നെയയാൾ, അവരുടെ വാദങ്ങളെ ടോർപിഡോ ചെയ്തു. അവരുടെ ഈഗോയെയെടുത്ത് അവരുടെ മുന്നിൽ തന്നെ ഛിന്നഭിന്നമാക്കി. രാഷ്ട്രീയത്തിൽ വാർപ്പ് മാതൃകകൾ തകർത്ത് , പുതിയവയുണ്ടാക്കി.

നിലമ്പൂരിൽ സ്വാഭാവികമായും ജയിക്കേണ്ടത് സ്വരാജാണ് – അന്നാട്ടുകാരൻ. രാഷ്ട്രീയം, വ്യക്തിത്വം, എന്നീ അളവുകോൽ ഏത്പ്രകാരവും മുൻതൂക്കം അയാൾക്കാണ്. മാത്തമാറ്റിക്സിൽ കോൺസ്റ്റൻ്റ് എന്ന സങ്കൽപ്പമുണ്ട്. ഏതെങ്കിലും ചിലഘടകങ്ങളെ ( വാല്യൂസ്) മാറ്റമില്ലാതെ സങ്കൽപിക്കുകയെന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. BJP ,SDPI തുടങ്ങിയ ശക്തികളെ ഈ തെരഞ്ഞെടുപ്പിൽ കോൺസ്റ്റ്ൻ്റ് ആയി നിലനിർത്താൻ കഴിയുകയാണെങ്കിൽ എന്നാശിക്കുകയാണ്. അതുമല്ലെങ്കിൽ, ഈ രണ്ട് ശക്തികളും അവരുടെ സ്ഥാനാർത്ഥിക്കു മാത്രമായി വോട്ട് ചെയ്യുകയാണെങ്കിലും, സ്വരാജവിടെ നല്ല മാർജിനിൽ വിജയിക്കും. അതറിയാവുന്നതുകൊണ്ടായിരിക്കണം അണിയറയിൽ സമവാക്യങ്ങൾ ശരിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ചരിത്രത്തിൽ, മത/സാമുദായിക സമവാക്യങ്ങൾക്കും മീതെ, ജനങ്ങൾ ചില സമവാക്യങ്ങൾ ഉണ്ടാക്കിയെടുത്ത സന്ദർഭങ്ങളുണ്ട്. തീർച്ചയായും ആ സന്ദർഭമാണ് നിലമ്പൂരിലേതെന്നു തോന്നുന്നു.

ആശസകൾ സഖാവെ !

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News