മതനിരപേക്ഷതയില്‍ കോണ്‍ഗ്രസിന് നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു; പ്രിയങ്കയുടെ നിലപാടില്‍ അത്ഭുതമില്ല: ഇപ്പോള്‍ പ്രാധാന്യം കൊവിഡ് പ്രതിരോധത്തിനും ജനങ്ങളുടെ ക്ഷേമത്തിനും; രാമക്ഷേത്ര നിര്‍മാണത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി

എല്ലാക്കാലത്തും മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചവരാണ് കോണ്‍ഗ്രസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

രാജ്യത്തെ കോവിഡ് വ്യാപനം തടയാനും ജനങ്ങളുടെ പട്ടിണി മാറ്റുന്നതിനെക്കുറിച്ചുമാണ് ഇപ്പോള്‍ എല്ലാവരും ആലോചിക്കേണ്ടത്. അതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അത്തരത്തിലുള്ള നടപടികള്‍ കൈക്കൊള്ളുന്നത്. പ്രവാസികള്‍ക്ക് 50 കോടി രൂപ മാറ്റിവെച്ച നടപടികളൊക്കെ അതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ശിലാസ്ഥാപനം നടത്തിയതുമായി ബന്ധപ്പെട്ട് പ്രിയങ്കാ ഗാന്ധി നടത്തിയ പ്രസ്താവനയെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാമക്ഷേത്ര നിര്‍മാണം ആരംഭിക്കുന്നതിനെക്കുറിച്ചു കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണത്തില്‍ ഒരു അത്ഭുതവുമില്ല. അയോധ്യ വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

രാജീവ് ഗാന്ധി, നരസിംഹറാവു തുടങ്ങിയവരുടെ ഒക്കെ നിലപാടുകള്‍ ചരിത്രത്തിന്റെ ഭാഗമാണ്. മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വ്യക്തമായ നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതിവരില്ലായിരുന്നു.

രാഹുല്‍ ഗാന്ധിയുടേയോ പ്രിയങ്കാ ഗാന്ധിയുടേയോ നിലപാടില്‍ പുതുതായി ഒന്നും ഉള്ളതായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയോധ്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഐ എം പോളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. എക്കാലവും മൃദുഹിന്ദുത്വ നിലപാട് കോണ്‍ഗ്രസ് സ്വീകരിച്ചുപോന്നിട്ടുണ്ട്.

ബാബറി മസ്ജിദില്‍ ആരാധന അനുവദിച്ചത് കോണ്‍ഗ്രസ് ആയിരുന്നു. അവിടെ ക്ഷേത്രത്തിന് ശിലാന്യാസ് അനുവദിച്ചതും കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. കര്‍സേവ നടത്താന്‍ അനുവാദം നല്‍കിയതും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം ഉള്ളപ്പോള്‍ത്തന്നെയാണ്.

ബാബറി മസ്ജിദ് തകര്‍ക്കുന്നതിനെ നിസ്സംഗതയോടെ സമീപിച്ചതും നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു. ഇതിന്റെയൊക്കെ സ്വാഭാവിക പരിണതിയാണ് പിന്നീടുണ്ടായത്. ഇതൊക്കെ സംഭവിച്ചപ്പോള്‍ ഒപ്പം നിന്ന ചരിത്രമാണ് ലീഗിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here