ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയ ദീപ് സിദ്ദുവിന് പകരം അറസ്റ്റ് ചെയ്തത് മറ്റുപലരെ; പൊലീസിനെതിരെ വിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍

കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക നിയമത്തിനെതിരെ കര്‍ഷകര്‍ കവിഞ്ഞ ദിവസം നടത്തിയ ട്രാക്ടര്‍ റാലിയുടെ ഭാഗമായി ചെങ്കോട്ടയില്‍ സിഖ് മതപതാക ഉയര്‍ത്തിയിരുന്നു.

ഇതിന്റെ പേരില്‍ ആളുകളെ അറസ്റ്റ് ചെയ്യുന്ന പൊലീസ് എന്തുകൊണ്ടാണ് അതിന് നേതൃത്വം നല്‍കിയ നടന്‍ ദീപ് സിദ്ദുവിനെതിരെ നടപടിയൊന്നും എടുക്കാത്തതെന്ന് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍.

” ഇന്നലെ ചെങ്കോട്ടയില്‍ സിഖ് മതപതാക ഉയര്‍ത്തിയ ജനക്കൂട്ടത്തെ നയിച്ച ദീപ് സിദ്ദു, അഭിമാനത്തോടെ അക്കാര്യം പ്രഖ്യാപിച്ചപ്പോഴും, വെറുതേ വിട്ടു. ചെങ്കോട്ടയില്‍ അങ്ങിങ്ങായി കണ്ട ആളുകളെ പൊലീസ് അറസ്റ്റ് ചെയ്തൂ എന്നാണ് എനിക്ക് അറിയാന്‍ കഴിഞ്ഞത്,” പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ ആക്രമണങ്ങളില്‍ ദല്‍ഹി പൊലീസ് 15 എഫ്.ഐ.ആര്‍ ആണ് ചുമത്തിയത്.

അതേസമയം, ദില്ലിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ട്രാക്റ്റര്‍ റാലിക്കെതിരെ അനവധി കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കലാപശ്രമം നടത്തിയെന്നും തന്ത്രപ്രധാനയിടങ്ങളില്‍ അതിക്രമിച്ച് കയറിയെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്നുമാരോപിച്ചാണ് കേസുകള്‍

ചെങ്കോട്ടയില്‍ നടന്ന സംഭവവികാസങ്ങളെ തുടര്‍ന്ന് രൂക്ഷപ്രതികരണങ്ങളുമായി നിരവധി നേതാക്കള്‍ രംഗത്തുവന്നിരുന്നു.

പ്രതികരണങ്ങള്‍ സമരരംഗത്തുള്ള കര്‍ഷകരുടെ ആത്മവിശ്വാസം കെടുത്തുന്നതാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here