BJP: പ്രവാചക നിന്ദ; ഗള്‍ഫ് രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽനിന്ന്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കി; വിറങ്ങലിച്ച്‌ മോദി സർക്കാർ

ബിജെപി(bjp)യുടെ പ്രവാചക നിന്ദയില്‍ ഇന്ത്യയ്ക്കെതിരെ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. പല ഗള്‍ഫ് രാജ്യങ്ങളിലെയും സൂപ്പർമാർക്കറ്റുകളിൽനിന്ന്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളിൽ പടരുകയാണ്.

ബഹിഷ്‌കരണം വ്യാപകമായാൽ ഇന്ത്യയുടെ വാണിജ്യതാൽപ്പര്യങ്ങൾക്കും തിരിച്ചടിയാകും. ബിജെപി വക്താക്കളുടെ പ്രവാചകനിന്ദയെ തുടർന്ന്‌ ഗൾഫ്‌ രാജ്യങ്ങളിൽ ഇന്ത്യക്കെതിരായി ഉയരുന്ന രോഷത്തിൽ വിറങ്ങലിച്ചിരിക്കുകയാണ് മോദി സർക്കാരും ബിജെപിയും.

ലക്ഷക്കണക്കിന്‌ ഇന്ത്യൻ പ്രവാസികൾ ഗൾഫ്‌ രാജ്യങ്ങളിലുണ്ട്‌. ഇവരുടെ ഭാവിയും തുലാസിലാകും. ടിവി ചർച്ചകളിലും മറ്റും എന്തും പറയാമെന്ന നിലയിലേക്ക്‌ ബിജെപി നേതാക്കളെ എത്തിച്ചതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമുണ്ട്‌.

ഇന്ത്യയുടെ വ്യാപാര പങ്കാളികളിൽ മൂന്നു നാലും അഞ്ചും സ്ഥാനങ്ങളിൽ യുഎഇയും സൗദിയും ഇറാഖുമാണ്‌. 2021–-22 വർഷത്തിൽ ഏഴ്‌ ഗൾഫ്‌ രാജ്യവുമായുള്ള ആകെ വ്യാപാരം 14.17 ലക്ഷം കോടി രൂപയുടേതാണ്‌. രാജ്യത്തിന്റെ ആകെ കയറ്റിറക്കുമതിയുടെ 18.3 ശതമാനമാണിത്‌.

യുഎഇയുമായി മാത്രം 5.47 ലക്ഷം കോടിരൂപയുടെ വ്യാപാരമുണ്ട്‌. ഗൾഫ്‌ രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 2021–-22 ൽ 77 ശതമാനം വർധനയുണ്ട്‌. യുഎഇയുമായി മെയ്‌ ഒന്നിന്‌ സ്വതന്ത്രവ്യാപാര കരാറും നിലവിൽ വന്നു. മോദി സർക്കാർ ഒപ്പിട്ട ഏക സ്വതന്ത്ര വ്യാപാര കരാറാണിത്‌.

ഇതുപ്രകാരം 97 ശതമാനം ഇന്ത്യൻ ഉൽപ്പന്നങ്ങളും തീരുവരഹിതമായി യുഎഇ വിപണിയിൽ പത്തുവർഷം കൊണ്ടെത്തും. 90 ശതമാനം യുഎഇ ഉൽപ്പന്നങ്ങളും തീരുവരഹിതമാകും. ഗൾഫ്‌ വ്യാപാരം വർധിപ്പിക്കാൻ കിണഞ്ഞുശ്രമിക്കുമ്പോഴാണ്‌ പ്രവാചകനിന്ദാ വിവാദം.

പ്രവാസി ഇന്ത്യക്കാർ ഏറെയുള്ളതിനാൽ ഗൾഫിൽനിന്ന്‌ ഇന്ത്യയിലേക്കുള്ള പണമൊഴുക്കും നിർണായകമാണ്‌. 2017ൽ ആകെ വിദേശപണത്തിൽ 54 ശതമാനവും ഗൾഫ്‌ രാജ്യങ്ങളിൽനിന്നാണ്‌. യുഎഇയിൽ 34 ലക്ഷവും സൗദിയിൽ 26 ലക്ഷവും കുവൈത്തിൽ പത്ത്‌ ലക്ഷവും ഇന്ത്യക്കാരുണ്ട്‌.

കുവൈത്തിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പിൻവലിച്ചു
ബിജെപി വക്താവിന്റെ പ്രവാചകനിന്ദയിൽ കുവൈത്തിൽ പ്രതിഷേധം രൂക്ഷം. സൂപ്പർമാർക്കറ്റുകളിൽനിന്ന്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പിൻവലിച്ചു തുടങ്ങി.

തുടക്കമെന്നോണം അൽ അർദിയ കോ– ഓപ്പറേറ്റീവ്‌ സൊസൈറ്റിയാണ്‌ കടയിലെ ഷെൽഫുകളിൽനിന്ന്‌ ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ പിൻവലിച്ചു. അരിയും ചായപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ളവ കടയുടെ ഒരു ഭാഗത്തേക്ക്‌ മാറ്റി പ്ലാസ്‌റ്റിക്‌ ഷീറ്റുകൊണ്ട്‌ മറച്ചിരിക്കുകയാണ്‌. ഇന്ത്യൻ ഉൽപ്പന്നങ്ങൾ പിൻവലിച്ചതായി അറബിയിലുള്ള അറിയിപ്പും നൽകി.

ആകെയുള്ള 1.35 കോടി പ്രവാസി ഇന്ത്യക്കാരിൽ 87 ലക്ഷംപേരും ഗൾഫ്‌ രാജ്യങ്ങളിലാണെന്നിരിക്കെ, സാഹചര്യങ്ങൾ വഷളാകുന്നത്‌ ഇവരുടെയൊക്കെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്‌.

മോദി രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ത്തു: പ്രതിപക്ഷം
രാജ്യാന്തരതലത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കിയ ബിജെപി നേതാക്കളുടെ പ്രവാചകനിന്ദാ വിഷയത്തിൽ മോദി സർക്കാരിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷ നേതാക്കളും.

ബിജെപിയുടെ ലജ്ജാകരമായ മതഭ്രാന്ത്‌ ഇന്ത്യയെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ പ്രതിച്ഛായയെ മോശപ്പെടുത്തുകയും ചെയ്‌തതായി കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു. ബിജെപി ഭരണത്തിൽ ചെറിയ രാജ്യങ്ങൾപോലും ഇന്ത്യയെ വെല്ലുവിളിച്ചു തുടങ്ങിയെന്ന്‌ എഎപി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ പ്രതികരിച്ചു.

സിപിഐ എം 
ഡൽഹി ഘടകം 
പരാതി നൽകി
പ്രവാചകനിന്ദ നടത്തിയ ബിജെപി വക്താവ്‌ നൂപുർ ശർമയേയും നവീൻ കുമാർ ജിണ്ടാലിനെയും ഉടൻ അറസ്‌റ്റുചെയ്യണം എന്നാവശ്യപ്പെട്ട്‌ സിപിഐ എം ഡൽഹി ഘടകം പൊലീസ്‌ കമീഷ്‌ണർ രാകേഷ്‌ അസ്‌താനയ്‌ക്ക്‌ പരാതി നൽകി. എന്തുകൊണ്ടാണ്‌ അറസ്‌റ്റ്‌ വൈകുന്നതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സംരക്ഷണം ഇവർക്കുണ്ടോയെന്ന്‌ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News