രാജ്യത്തിന്റെ രാഷ്ട്രീയ പരിസ്ഥിതിയാകെ പാടെ മലിനമായിരിക്കുകയാണ് ആശയപരമായ വിയോജിപ്പുകളും സമരങ്ങളുമൊക്കെ രാജ്യം ഭരിക്കുന്നവരും ഭരിച്ചിരുന്നവരുമായ കക്ഷികള്‍ എന്നോ മറന്ന അവസ്ഥയാണ്.
രായ്ക്ക് രാമാനമുള്ള കൂടുമാറ്റം നിത്യസംഭവമായിരിക്കുകയാണ്. വീശിയെറിയുന്ന നോട്ടുകെട്ടുകള്‍ക്ക് വിലയ്ക്ക് വാങ്ങാന്‍ മാത്രം വിലയില്ലാതായിരിക്കുന്നു രാജ്യത്തിന്റെ ജനാധിപത്യത്തിന്.
എന്നാല്‍ നോട്ടിന് കനംകൂടുന്നത്‌കൊണ്ട് മാത്രമാണ് കോണ്‍ഗ്രസുകാരൊക്കെയും ബിജെപിയാകുന്നതെന്ന കോണ്‍ഗ്രസ് നേതാവിന്റെ അഭിപ്രായത്തോട് വിയോജിപ്പാണ്.
കാരണം പിടിക്കുന്ന കൊടിപ്രത്യക്ഷത്തില്‍ മാറിയിട്ടില്ലെങ്കിലും കോണ്‍ഗ്രസിലുള്ള പലരും മാനസികമായി ബിജെപി രാഷ്ട്രീയത്തോട് ഐക്യപ്പെട്ടിരിക്കുന്നുവെന്നതിന് പുതിയ കാലത്ത് തന്നെ അനേകം ഉദാഹരണങ്ങളുണ്ട്
കഴിഞ്ഞ ദിവസം തൃശൂരില്‍ ഗീതാഗോപി എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ സമരത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഒരു പ്രതിഷേധം നമ്മുടെയൊക്കെ മുന്നിലുണ്ടല്ലോ.
രാഷ്ട്രീയമായ വിയോജിപ്പുകള്‍ രാഷ്ട്രീയമായി തന്നെ പ്രകടിപ്പിക്കാന്‍ കഴിയാത്ത വിധം സവര്‍ണ ജാതിബോധം കോണ്‍ഗ്രസിന്റെ യുവ തലമുറയെയും പാടെ വിഴുങ്ങിത്തുടങ്ങിയിരിക്കുന്നുവെന്ന് വേണം ഈ സമര രീതിയില്‍ നിന്നും മനസിലാക്കാന്‍.
എംഎല്‍എക്കെതിരായ പ്രതിഷേധത്തിന് ഇങ്ങനെയൊരു രീതി തെരഞ്ഞെടുത്തത് അബദ്ധവശാലല്ലെന്ന് ഈ ചെയ്തിയെ ന്യായീകരിച്ച് രംഗത്തെത്തുന്ന കെഎസ് യു നേതാക്കള്‍ തെളിയിക്കുന്നു.
ചാണകം തെളിക്കുകയല്ല ചാട്ടവാറടിയാണ് എംഎല്‍എക്കുള്ള മറുപടിയെന്ന് അവര്‍ പറയുമ്പോള്‍ രാഷ്ട്രീയ വിയോജിപ്പുകളെക്കാള്‍ അവിടെ മുഴച്ചുനില്‍ക്കുന്നത് ജാതീയ ബോധമാണെന്ന് കോണ്‍ഗ്രസുകാര്‍ക്ക് മനസിലായില്ലെങ്കിലും സാധാരണക്കാര്‍ മനസിലാക്കുന്നുണ്ട്.

Get real time update about this post categories directly on your device, subscribe now.