
ദില്ലി: ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന് ദില്ലി ഹൈക്കോടതി ഉത്തരവ്.
വിദ്വേഷ പ്രസംഗം നടത്തിയ അനുരാഗ് ഠാക്കൂര്‍, കപില്‍ മിശ്ര, അഭയ വര്‍മ്മ, പര്‍വേഷ് വര്‍മ്മ എന്നിവര്‍ക്കെതിരെ കേസെടുക്കാനാണ് കോടതി നിര്‍ദ്ദേശം.
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തില്‍ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നാണ് കോടതി ചോദിച്ചത്. പ്രസംഗങ്ങള്‍ക്ക് ഇപ്പോഴത്തെ കലാപവുമായി യാതൊരു ബന്ധവുമില്ലെന്നും അതുമായി ബന്ധപ്പെടുത്തി സംസാരിക്കരുതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദം. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല.
ഈ രാഷ്ട്രീയ നേതാക്കളുടെ മുദ്രാവാക്യം പലയിടത്തും ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കുകയാണ്. ‘എതിരാളികളെ വെടിവെച്ചുകൊല്ലു’എന്നൊക്കെയുള്ള മുദ്രാവാക്യം പലയിടത്തും കാണുന്നുണ്ട്. അതിനാല്‍ കര്‍ശനമായും കേസെടുക്കണം. നഗരം കത്തുമ്പോള്‍ ഉചിതമായ സമയം എപ്പോഴാണ് ഉണ്ടാവുകയെന്ന് തുഷാര്‍ മേത്തയോട് കോടതി ചോദിച്ചു. ദില്ലിയില്‍ 1984 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.
ഇത്രയും കാലം നടപടി എടുക്കാതെ ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ കാത്തിരിക്കുന്നത്. എഫ്ഐആര്‍ രജിസ്റ്റേര്‍ ചെയ്യാന്‍ എന്താണ് തടസമെന്നും കോടതി ചോദിച്ചു. എത്രയും പെട്ടെന്ന് കേസെടുത്ത് കോടതിയെ അറിയിക്കണം. പൊലീസ് കമ്മീഷണറുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗത്തില്‍ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. രാജദ്രോഹ കേസില്‍ വളരെ പെട്ടെന്ന് നിങ്ങള്‍ നടപടിയെടുക്കുന്നുണ്ടല്ലോ. വിദ്വേഷ പ്രസംഗത്തില്‍ എന്തുകൊണ്ട് ഈ ചുറുചുറുക്കില്ലെന്ന് ജസ്റ്റിസ് മുരളീധര്‍ ചോദിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്നാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെ സംബന്ധിച്ചും തുഷാര്‍ മേത്തയെ കോടതി ഓര്‍മപ്പെടുത്തി.
വിദേഷ പ്രസംഗമാണെന്ന് സോളിസിറ്റര്‍ ജനറല്‍ തന്നെ പറയുമ്പോഴും അതിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യാറാകാത്തതെന്തെന്നും
കോടതി ചോദിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here