കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

തെക്ക് കിഴക്കൻ അറബിക്കടലിൽ മെയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അത് ശക്തി പ്രാപിച്ച് ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ന്യൂനമർദത്തിന്റെ പ്രതീക്ഷിക്കപ്പെടുന്ന സഞ്ചാരപഥത്തിൽ നിലവിൽ കേരളം ഇല്ല. എന്നാൽ കേരളത്തിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ട്. മെയ് 14, 15 തീയതികളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

സർക്കാർ സംവിധാനങ്ങളോട് പൂർണ്ണ സജ്ജരാവാൻ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കേന്ദ്ര രക്ഷാസേനകളുടെയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളുടെയും യോഗം വിളിച്ച് മഴക്കാലപൂർവ്വ തയ്യാറെടുപ്പ് അവലോകനം ചെയ്തു.

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച്‌ മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്.

  • മല്‍സ്യതൊഴിലാളികള്‍ മെയ് 13 ന് മുന്നോടിയായി തന്നെ പൂര്‍ണമായും കടലില്‍ പോകുന്നത് ഒഴിവാക്കേണ്ടതും ആഴക്കടല്‍ മല്‍സ്യബന്ധത്തില്‍ ഏര്‍പെട്ടിരിക്കുന്നവരോട് മെയ് 13 മുന്നോടിയായി തന്നെ അടുത്തുള്ള സുരക്ഷിത തീരത്ത് എത്താന്‍ നിര്‍ദേശം നല്‍കേണ്ടതുമാണ്.

  • ന്യൂനമര്‍ദം രൂപപ്പെടുന്നതിന് മുന്നോടിയായി തന്നെ വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.

  • അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി മാറി താമസിക്കാന്‍ തയ്യാറാവേണ്ടതാണ്.

  • സ്വകാര്യ-പൊതു ഇടങ്ങളില്‍ അപകടവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.

  • ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

  • ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമെര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

  • ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.

  • ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

  • അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച്‌ ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം.

  • മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണമായി ഒഴിവാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News