‘ടൗട്ടെ’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് നാശം വിതച്ച് അതിതീവ്ര മഴയും കാറ്റും കടലാക്രമണവും

അറബിക്കടലില്‍ രൂപംകൊണ്ട ‘ടൗട്ടെ’ ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് നാശം വിതച്ച് അതിതീവ്ര മഴയും കാറ്റും കടലാക്രമണവും തുടരുന്നു. ടൗട്ടെ തീവ്ര ചുഴലിക്കാറ്റായി സംസ്ഥാനത്തിന്റെ തീരം കടന്നെങ്കിലും ഭീതിയൊഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിന്റെ പ്രഭാവം ഞായറാഴ്ചയും തുടരുമെന്നാണ് മുന്നറിയിപ്പ്.

രൂക്ഷമായ കടലാക്രമണമാണ് സംസ്ഥാനത്ത് ഏറെ നാശം വിതച്ചത്. ഒമ്പതു ജില്ലകളെ കടലാക്രമണം ബാധിച്ചു. തീരമേഖലയില്‍ നൂറുകണക്കിനു വീടുകളില്‍ വെള്ളം കയറി. നിരവധി വീടുകള്‍ കടലെടുത്തു. റോഡുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ക്കും വൈദ്യുതി പോസ്റ്റുകള്‍ക്കും നാശമുണ്ടായി. ഗതാഗത തടസ്സവും വ്യാപകമായ കൃഷിനാശവുമുണ്ട്.കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ മാത്രം സംസ്ഥാനത്ത് ശരാശരി 145.5 മില്ലീമീറ്റര്‍ മഴ പെയ്തു.

പത്തനംതിട്ടയിലെ മണിമല, അച്ചന്‍കോവില്‍ നദികളില്‍ പ്രളയ മുന്നറിയിപ്പുണ്ട്. 68 ദുരിതാശ്വാസ ക്യാമ്പുകളിലായി 502 കുടുംബങ്ങളിലെ 1934 പേരെ മാറ്റിപ്പാര്‍പ്പിച്ചു.’ടൗട്ടെ’ അതിതീവ്ര ചുഴലിക്കാറ്റായി ചൊവ്വാഴ്ച ഉച്ചയോടെ ഗുജറാത്ത് തീരം തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പോര്‍ബന്ദര്‍, നലിയ തീരങ്ങള്‍ക്കിടയിലൂടെയാകും തീരപ്രവേശം. ഈ സമയം 175 കിലോമീറ്റര്‍ വരെ വേഗത പ്രതീക്ഷിക്കുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഗോവയിലെ പനാജി തീരത്തുനിന്ന് 250 ഉം മുംബൈ തീരത്തുനിന്ന് 650 കിലോമീറ്റര്‍ അകലെയാണ് ടൗട്ടെ.

വടക്ക്, വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിച്ച് തിങ്കളാഴ്ച അതിതീവ്രചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഞായറാഴ്ച വരെ അതിശക്തമായ മഴയും കാറ്റും കടലാക്രമണവും തുടരും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ അതിശക്തമായ കാറ്റും മഴയും കടല്‍ക്ഷോഭവും ഉണ്ടാകും. ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഴയിലും കാറ്റിലും മോശം കാലാവസ്ഥയിലും സംസ്ഥാനത്ത് 953.97 കോടി രൂപയുടെ കൃഷിനാശം. കനത്ത മഴയും കാറ്റുമുണ്ടായ വെള്ളി, ശനി ദിവസങ്ങളിലെ പൂര്‍ണ കണക്ക് ലഭിക്കുന്നതോടെ നഷ്ടം വലിയ തോതില്‍ ഉയരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News